കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പിടിച്ചുപറിക്കെതിരെ പ്രതിഷേധവുമായി പ്രവാസി ലോകം ഒന്നാകെ; ദുബായിലെ എന്‍ജിനീയറോട് കാണിച്ചത് കാടത്തമെന്ന് പരാതി

പ്രവാസികളുടെ ചോര ഊറ്റുന്ന അട്ടകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന ആക്ഷേപവുമായി പ്രവാസിലോകം ഒന്നാകെ ഒരു ഉദ്യോഗസ്ഥനെതിരെ.കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഭവമാണ് പ്രതിഷേധത്തിനടിസ്ഥാനം. ദുബായില്‍ ഐടി എന്‍ജിനീയറായി ജോലി നോക്കുന്ന യുവാവിനെ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നു.
കാസര്‍കോട് സ്വദേശി ഹക്കീം റുബയ്ക്കാണ് ഉദ്യോഗസ്ഥരില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. മര്‍ദിച്ചതിന് പുറമേ എട്ട് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെക്കുകയും ചെയ്തു. മര്‍ദിച്ചെന്നും കൈക്കൂലി ചോദിച്ചെന്നും കാണിച്ച് യുവാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച തന്നെ കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചുവെന്ന് ഹക്കീം പറയുന്നു. ബുധനാഴ്ച്ച രാവിലെ പത്തരയ്ക്കാണ് ഹക്കീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നല്‍കി.
തുടര്‍ന്ന് പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ കൈക്കൂലി തന്നാല്‍ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടര്‍ന്ന തന്നെ അദ്ദേഹം മര്‍ദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു.
എന്തായാലും ദുബായില്‍ ഐടി എന്‍ജിനീയര്‍ കൂടിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികള്‍ രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പായിരുന്നു നേരത്തെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് പതിവാക്കിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങല്‍ക്ക് കാരണമെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഹക്കീമിനുണ്ടായതു പോലെ സമാന അനുഭവം തങ്ങള്‍ക്കും നേരിടേണ്ടി വന്ന കാര്യം പ്രവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നു.
അതേസമയം കൈക്കൂലിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് എടുത്തെന്നും ഹക്കീം പറയുന്നു. താന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവര്‍ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഹക്കീമിന്റെ ആരോപണങ്ങള്‍ കസ്റ്റംസ് അധികൃതര്‍ നിഷേധിച്ചു. കസ്റ്റംസ് ഡിക്ലറേഷനില്‍ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി അടയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പറഞ്ഞു. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസറും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതിനുമുമ്പും ഇയാള്‍ ഇത്തരത്തില്‍ പല പ്രവാസികളോടും പെരുമാറിയിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha