ഗര്‍ഭിണിയായ മലയാളി യുവതി എച്ച്1എന്‍1 ബാധിച്ച് സൗദിയില്‍ മരിച്ചു

അമ്മയുടെ സ്‌നേഹം നുകരാന്‍ വിധി അവളെ അനുവദിച്ചില്ല. ചിലപ്പോള്‍ വിധി ചിലരോട് വളരെ ക്രൂരമായാണ് പെരുമാറാറ്. ഗര്‍ഭിണിയായിരിക്കെ എച്ച്1എന്‍1 പനി ബാധിച്ച് ആലപ്പുഴ സദേശിനിയായ യുവതി സൗദി അറേബ്യയില്‍ മരിച്ചു. കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നതിനാല്‍ 27 ദിവസംമാത്രം പ്രായമായ കുഞ്ഞിനെ സൌദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ ഓതറ സ്വദേശിയായ കുടുംബത്തോടൊപ്പം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു.
ചെങ്ങന്നൂര്‍ മുളക്കുഴ കോട്ട താന്നിനില്‍ക്കുന്നതില്‍ വീട്ടില്‍ ദിലീപിന്റെ ഭാര്യ രഞ്ജിനി (28) ആണ് മരിച്ചത്. പ്രസവത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് അസുഖം പിടിപെട്ടത്. തുടര്‍ന്ന് സൌദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ച യുവതി മരിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദിലീപും പ്രവാസി സംഘടനകളും. ഇതിനിടെ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ പറ്റാത്ത സ്ഥിതിയായി. തുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കള്‍ ഇക്കാര്യം കേരള പ്രവാസി സംഘം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവര്‍ മുഖേന സൌദിയിലെ പ്രവാസി മലയാളി സംഘടനയായ അസൂറിന്റെ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ എംബസിയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു. തുടര്‍ന്ന് ദിലീപിന്റെ സുഹൃത്തായ ഓതറ സ്വദേശിയ്‌ക്കൊപ്പം കുഞ്ഞിനെ നാട്ടിലെത്തിച്ചു.
സൌദിയിലെ അബ്രയിലായിരുന്നു ദിലീപും കുടുംബവും താമസിച്ചിരുന്നത്. രഞ്ജിനി സൌദിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ദിലീപ് സ്വകാര്യ കമ്പനിയിലെ എസി ടെക്‌നീഷ്യനും.
അമ്മയുടെ സ്‌നേഹത്തിന് മാത്രം എന്തുപകരം വെക്കും എന്നറിയാതെ കുഴങ്ങുകയാണ് വീട്ടുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha