അപകടത്തില്‍ പരിക്കേറ്റ് 10 മാസം സൗദിയിലെ ആശുപത്രിയില്‍ കഴിഞ്ഞയാളെ നാട്ടിലെത്തിച്ചു

അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് സൗദി അറേബ്യയിൽ കഴിഞ്ഞ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ രണ്ട് ആശുപത്രികളിലായി 10 മാസം കിടന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെയാണ് നാട്ടിലെത്തിച്ചത്. കൊല്‍ക്കത്ത ബിര്‍ഭം നാനൂര്‍ സ്വദേശിയായ മുനീറുദ്ദീന്‍ എന്ന 27കാരന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്.
റിയാദില്‍നിന്ന് 300 കിലോമീറ്ററകലെ ശഖ്റയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ ഇയാളുടെ ഒരു വശം പൂര്‍ണമായും തളര്‍ന്നുപോയി. മുഖത്തെയും കൈകാലുകളിലെയും അസ്ഥികള്‍ പൊട്ടി. അവിടെ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിലെത്തിച്ചു. അഞ്ചുമാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞു. എന്നാല്‍ കിടക്കയില്ലാത്തതിനാല്‍ തിരികെ ശഖ്റ ജനറല്‍ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകേണ്ടിവന്നു. അവിടെയും അഞ്ചുമാസം കൂടി കിടന്നു.
ഇതിനിടയില്‍ യുവാവിനെ നാട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നല്‍കി. ഇരു ഓഫീസുകളില്‍നിന്നും റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കത്തുവന്നു. നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യാനായിരുന്നു നിര്‍ദേശം. എംബസി ചുമതലപെടുത്തിയതിനെ തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ശഖ്റയിലെത്തുകയും സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. യുവാവ് ജോലി ചെയ്തിരുന്ന കമ്ബനിയുടെ റിയാദിലുള്ള ആസ്ഥാനത്ത് പോയി അധികൃതരുമായി സംസാരിച്ചു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിമാനത്തില്‍ ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള ചുമതല ദുബൈ ആസ്ഥാനമായ ബ്ലു ഡോട്ട് എന്ന നഴ്സിങ് കമ്ബനി ഏറ്റെടുത്തു.
കമ്ബനി സി.ഇ.ഒ നിജില്‍ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യാത്രയില്‍ പരിചരണത്തിന് നഴ്സും ഓക്സിജനും മറ്റ് വൈദ്യ പരിചരണവും നല്‍കാനുള്ള സംവിധാനവും സ്ട്രെച്ചര്‍ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തി. എന്നാല്‍ കൊല്‍ക്കത്തയിലേക്ക് റിയാദില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസിെന്‍റ കുറവ് യാത്ര നീളാനിടയാക്കി. ഒടുവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ സൗകര്യമൊരുങ്ങി.
കഴിഞ്ഞദിവസം ദുബൈ വഴി കൊല്‍ക്കത്തയില്‍ എത്തിച്ചു. ആവശ്യമായ പരിചരണവുമായി മലയാളിയായ മെയില്‍ നഴ്സ് ലിജോ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചു. ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കി. നഴ്സുമാരായ ശോശാമ്മ, അമല, നിമ, ശോഭ എന്നിവരും ഫിറോസ്, സുനില്‍ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് കോണ്‍സുലര്‍ എം.ആര്‍. സജീവ്, സഹ ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ സിങ് എന്നിവരും ആവശ്യമായ എല്ലാ സഹായവും നല്‍കിയതായി ശിഹാബ് കൊട്ടുകാട് അറിയിച്ചു. എസ്.കെ. നിജാമുദ്ദീനാണ് പിതാവ്. മറിയം ബീഗമാണ് മാതാവ്.
https://www.facebook.com/Malayalivartha