പറന്നുയർന്നതിന് പിന്നാലെ പൈലറ്റിന് അപകടം മണത്തു, അഞ്ച് മണിക്കൂർ പറക്കാനുള്ള ഇന്ധനം മുഴുവൻ കടലിൽ ഒഴുക്കി ഖത്തർ എയർവേയ്‌സ്, ഒടുവിൽ സംഭവിച്ചത്

അപകട സാധ്യത മുന്നേ മനസിലാക്കാൻ പറ്റുന്നത് ഒരു വലിയ ഭാഗ്യമാണ്. അത്തരത്തിൽ നിരവധി യാത്രക്കാരുമായി പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ ഒളിഞ്ഞിരുന്ന അപകടം പൈലറ്റ് കണ്ടെത്തുകയായിരുന്നു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദോഹയിലേയ്ക്ക് പറന്ന് ഉയർന്ന ഖത്തർ എയർവേയ്‌സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെ 3.50-ന് 138 യാത്രക്കാരും ഒൻപത് ജീവനക്കാരുമായി പുറപ്പെട്ട ക്യുആർ-507 എന്ന എയർബസ് 320 വിമാനമാണ് തിരിച്ചിറക്കിയത്.
പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന പ്രഷർ സംവിധാനത്തിൽ തകരാറുള്ളതായി പൈലറ്റിന് സംശയം തോന്നി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന് ഏകദേശം 14,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു മർദവ്യത്യാസം ശ്രദ്ധയിൽപ്പെടുന്നത്. ക്യാബിനിലെ മർദ്ദവും വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്കുള്ള വായു കൈമാറ്റവും നിയന്ത്രിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനമാണ് ക്യാബിൻ പ്രഷർ ഏര്യഷൻ സിസ്റ്റം.
ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചു. തിരിച്ചിറക്കാൻ അനുമതി ലഭിച്ചയുടൻ തന്നെ പൈലറ്റ് ലാൻഡിംഗിലെ അപകടസാദ്ധ്യത ഒഴിവാക്കാൻ വിമാനത്തിലെ ഇന്ധനം കടലിൽ ഒഴുക്കിക്കളഞ്ഞു. വിമാനത്തിൽ അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നുവെന്നാണ് വിവരം. അപകട സാധ്യത ഒഴിവാക്കാൻ ഇന്ധനം കടലിലൊഴുക്കിയ ശേഷം വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിന് അടിയന്തര സാഹചര്യമുണ്ടായേക്കാമെന്ന നിഗമനത്തിൽ റൺവേയിൽ വിമാനത്താവളത്തിലെ അഗ്നിരക്ഷാ വാഹനങ്ങളും സി.ഐ.എസ്.എഫിന്റെ ദ്രുതകർമസേന ഉൾപ്പെട്ടവരെ സജ്ജമാക്കിയിരുന്നു. 5.24-ന് വിമാനം സുരക്ഷിതമായി ഇറക്കി.തുടർന്ന് വിമാനം വിദഗ്ദ്ധർ എത്തി പരിശോധിച്ചു. എന്നാൽ പരിശോധനയിൽ പ്രഷർ സംവിധാനത്തിന് കാര്യമായ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയശേഷം വിമാനം യാത്രക്കാരുമായി ദോഹയിലേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു.
അതേസമയം രണ്ട് ദിവസം മുൻപാണ് ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. തുടര്‍ന്ന് ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി. "യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു എന്ന് ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിന്നു. വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha