ഖത്തറില്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്താന്‍ നീക്കം

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു നിര്‍ബന്ധിത റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്താന്‍ നീക്കം. ഖത്തര്‍ യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനാണു തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഇക്കാര്യം പരിഗണിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു പല തൊഴില്‍ മേഖലകളിലും ജീവനക്കാരുടെ പിരിച്ചുവിടലോ പുനഃക്രമീകരണമോ നടന്നതോടെ ഒരു വര്‍ഷമായി സ്വദേശിവല്‍ക്കരണ നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു.
കോളജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചാലുടന്‍ സ്വദേശികളെ പരിശീലനത്തിനു തിരഞ്ഞെടുക്കുകയും വര്‍ഷത്തില്‍ രണ്ടു തവണ നിയമനം നടത്തുകയും ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സില്‍ പോലും ഇത്തവണ സ്വദേശി ബിരുദധാരികള്‍ക്കായുള്ള പ്രത്യേക റിക്രൂട്‌മെന്റ് നടന്നിട്ടില്ല. ക്യുപി, റാസ് ഗ്യാസ്, വിവിധ ബാങ്കുകള്‍ എന്നിവയിലും സമാന സാഹചര്യമാണ്. ഈ സ്ഥാപനങ്ങളിലെല്ലാം പ്രവാസികളെ പിരിച്ചുവിട്ടപ്പോള്‍ തൊട്ടുതാഴെയുള്ള ഖത്തര്‍ സ്വദേശികള്‍ക്കു സ്ഥാനക്കയറ്റം നല്‍കുക മാത്രമാണുണ്ടായത്.
ആരോഗ്യ മേഖലയിലടക്കം പുതിയ നിയമനങ്ങളൊന്നുമില്ല. സ്വകാര്യ മേഖലയില്‍ നിയമനങ്ങള്‍ തുടരുന്നുണ്ടെങ്കിലും സ്വദേശികള്‍ക്കു താല്‍പര്യമില്ല. വേതനവും അവധികളും ആനുകൂല്യങ്ങളും പൊതുമേഖലയെ അപേക്ഷിച്ചു കുറവാണെന്നതാണു കാരണം. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അനുസരിച്ചുള്ള വികസന പദ്ധതികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പ്രവാസികളെയും നിശ്ചിത പ്രായപരിധിയില്‍ നിര്‍ബന്ധിതമായി പിരിച്ചയയ്ക്കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഖത്തര്‍ പൊതുമേഖലയില്‍ മിക്ക തസ്തികകളിലും 60 വയസ്സാണു വിരമിക്കല്‍ പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വീസ് നീട്ടിനല്‍കാനും വകുപ്പുകളുണ്ട്. ഇതനുസരിച്ചു മലയാളികളടക്കം ഒട്ടേറെ വിദേശികള്‍ പല തസ്തികകളിലും തുടരുന്നുണ്ട്. സ്വകാര്യ മേഖലയിലാവട്ടെ പെന്‍ഷന്‍ പ്രായം കൃത്യമായി പറയുന്നില്ല. പ്രായമായ തൊഴിലാളികള്‍ക്കു പുതിയ സ്‌പോണ്‍സര്‍ക്കു കീഴില്‍ ജോലി ലഭിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളതിനാലാണ് അധികൃതര്‍ സ്വകാര്യ മേഖലയില്‍ കൃത്യമായ വിരമിക്കല്‍ പ്രായം നിശ്ചയിക്കാതിരുന്നതെന്നാണു സൂചന.
https://www.facebook.com/Malayalivartha