ജര്‍മനിയില്‍ 'പ്രെയ്‌സ് ദി ലോര്‍ഡ് ' പ്രദര്‍ശിപ്പിയ്ക്കുന്നു
കൊളോണ്‍:മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ മലയാള സിനിമ 'പ്രെയ്‌സ് ദി ലോര്‍ഡ് ' ജര്‍മനിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു. ഏപ്രില്‍ 12 ന് (ശനി) കൊളോണിലും ഫ്രാങ്ക്ഫര്‍ട്ടിലും ഒരേ സമയത്ത് രണ്ടു പ്രദര്‍ശനങ്ങളാണ് സാദ്ധ്യമാക്കുന്നത്.
പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ കഥയെ അടിസ്ഥാനമാക്കി നവാഗത സംവിധായകന്‍ ഷിബു ഗംഗാധരന്‍ അണിയിച്ചൊരുക്കിയ 'പ്രെയ്‌സ് ദി ലോര്‍ഡ് ' മാര്‍ച്ച് 20 നാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ റീനു മാത്യൂസാണ് നായിക. ഇമ്മാനുവല്‍ എന്ന സിനിമയിലും മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലായിരുന്നു റീനു. മുകേഷ്, അഹമ്മദ് സിദ്ദിഖി, അകാംക്ഷ പുരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
രണ്ടുമണിക്കൂര്‍ 12 മിനിറ്റ് ചിരിക്കാനും ചിന്തിയ്ക്കാനും സന്തോഷിക്കാനും ഇഷ്ടം പോലെ വക നല്‍കുന്ന ചിത്രം പ്രദര്‍ശന ദിനം മുതല്‍ കേരളത്തില്‍ നിറഞ്ഞ സദസിലാണ് സഹൃദയര്‍ ഏറ്റുവാങ്ങിയത്.
പ്രണയത്തിന്റെ കാവല്‍ക്കാരനായി മമ്മൂട്ടിയുടെ മുല്ലത്താഴത്ത് ജോയി എന്ന കഥാപാത്രത്തിലൂടെ സമാനതകളില്ലാത്ത ഒരു അഭിനയമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ സംവിധായകന്‍ എത്തിയ്ക്കുന്നത്.ഒരുപക്ഷെ മമ്മൂട്ടിക്കു മാത്രം കഴിയുന്ന ഒരു കഥാപാത്രമെന്നും മുല്ലത്താഴത്ത് ജോയിയെ വിശേഷിപ്പിക്കാം.
കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളിയിലുള്ള പ്രശസ്തമായ ആനത്താനം തറവാട്ടിലാണ് ചിത്രത്തിന്റെ ഏറെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഈ പുരാതന തറവാടിനു പുതിയ രൂപവും ഭാവവും വരുത്തിയിരിക്കുന്നതു കലാ സംവിധായകനായ സുജിത് രാഘവനാണ്. ചിത്രത്തിന് തിരക്കഥ മെനഞ്ഞത് ടി.പി. ദേവരാജനാണ്.ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
കൊളോണിലും ഫ്രാങ്ക്ഫര്‍ട്ടിലും ഏപ്രില്‍ 12 ശനിയാഴ്ച രാവിലെയാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ജര്‍മനിയിലെ ഇന്‍ഡ്യന്‍വുഡിന്റെ ബാനറില്‍ ഡോ.ജോമി കുര്യാക്കോസാണ് ചിത്രം ജര്‍മനിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. കുട്ടികള്‍ക്ക് ആറു യൂറോയും മുതിര്‍ന്നവര്‍ക്ക് 12 യൂറോയുമാണ് ടിക്കറ്റ് നിരക്കുകള്‍.
https://www.facebook.com/Malayalivartha