ബ്രിട്ടണില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അപേക്ഷിക്കുന്ന അന്നുതന്നെ വിസ
19 FEBRUARY 2013 03:46 AM IST

മലയാളി വാര്‍ത്ത.
ബ്രിട്ടണില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അപേക്ഷിച്ച അന്നുതന്നെ വിസ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ കാമറോണ്‍ താജ് ഹോട്ടലില്‍ നടന്ന വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ബ്രിട്ടനില്‍ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണത്തിലും പഠനകാലത്തിന്റെ ദൈര്‍ഘ്യത്തിലും പരിധിയുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും ബ്രിട്ടണും തമ്മില്‍ പ്രത്യേക ബന്ധമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഈ നൂറ്റാണ്ടിലെ മഹത്തായ പ്രതിഭാസങ്ങളിലൊന്നാണ് ഇന്ത്യയെന്നുപറഞ്ഞ കാമറോണ്‍, അഭൂതപൂര്‍വമായ വളര്‍ച്ച 2030-ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയും വൈവിധ്യത്തിന്റെ കരുത്തും സമ്പദ് വ്യവസ്ഥയുടെ ശക്തിയും അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ആകാശമാണ് പരിധി. നിങ്ങള്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ഞങ്ങള്‍ ഏറ്റവും പഴമയേറിയതും - കാമറോണ്‍ പറഞ്ഞു.