യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കും, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിൽ ചൂട് തുടങ്ങിയെങ്കിലും ഈ മാസം 21 മുതലാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. പുറം ജോലിചെയ്യുന്ന തൊഴിലാളികളെ കൊടും ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇതിന് 6 ദിവസം മുന്നേ ജൂൺ 15 മുതൽ രാജ്യത്ത് നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു കഴിഞ്ഞു. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയിലെ വിദ്യാലയങ്ങൾ വേനലവധിക്ക് അടയക്കുന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കടുത്ത ചൂടിൽ നിന്ന് ഇതൊരു ആശ്വാസമാകും. എന്നാൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ആയതിനാൽ ഇതുവരെ ടിക്കറ്റെടുക്കാതെ പലരും കടുത്ത ആശങ്കയിൽ തുടരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഈർപ്പം ചെറുതായി കുറയും, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്.
ജൂണിലെ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസിനും 35.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും, പരമാവധി താപനില 39.7 ഡിഗ്രി സെൽഷ്യസിനും 42.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 26.6 മുതൽ 29.2 ഡിഗ്രി സെൽഷ്യസ് വരെയാണ്.എന്നാൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് നിർബന്ധിത ഉച്ചവിശ്രമം ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ 3 മാസത്തേക്കാണ്.
രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടില്ല. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം.
അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും.
https://www.facebook.com/Malayalivartha