റൂട്ടുകൾ പുതുക്കി...! വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തും, ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ, വലിയ മാറ്റത്തിന് ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികൾക്ക് പ്രതീക്ഷയേകി വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകളടക്കം വാഗ്ദാനം ചെയ്ത് യാത്രക്കാരെ മുഴുവൻ കൊത്തിയെടുക്കാനാണ് തീരുമാനം.15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണാണ് എയർ ഇന്ത്യ യാത്രക്കാർക്ക് നൽകുന്ന ഉറപ്പ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകലുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിങ് പറഞ്ഞു.
ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജി സി സി രാജ്യങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ മുൻഗണന.യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയുമുള്ള നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് എം ഡിയുടെ പ്രഖ്യാപനങ്ങൾ.
നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയിൽ മാറ്റം വരുന്നത്.ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ ലോഗോ മാറ്റുന്നതോടൊപ്പം പുതിയ മുഖവുമായിട്ടായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പറക്കുക. അടുത്ത മാര്‍ച്ചോടെ 50 പുതിയ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വാങ്ങിക്കുക.
ആകെ 70 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം നൂറാകും. റൂട്ടുകൾ പുതുക്കിയ സർവീസുകൾ മാറ്റിയും നിരന്തരം പരിഷ്കരണപരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനകം രാജ്യാന്തര സര്‍വീസുകൾ 139 സർവീസായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 89 സര്‍വീസ് മാത്രമാണുള്ളത്.
നിലവിലെ 206 ആഭ്യന്തര സര്‍വീസുകള്‍ 228 ആക്കി വര്‍ധിപ്പിക്കും. 14 വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് 17 ആക്കി വര്‍ധിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നു വിവിധ സെക്ടറിലേക്ക് കണക്ഷൻ സര്‍വീസുകളും വര്‍ധിപ്പിക്കും. ഉടനെ തന്നെ 450 പൈലറ്റുമാരെയും 800 കാബിന്‍ ജീവനക്കാരെയും നിയമിക്കുമെന്നും എം.ഡി അലോക് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha