ഹോങ്കോങ് റൺവേയിൽ നിന്ന് തെന്നിമാറിയ ബോയിങ് 747 കടലിൽ വീണു: ജീവൻ നഷ്ടപെട്ടത് രണ്ട് പേർക്ക്: നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു...

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണ് രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്. ബോയിങ് 747 ചരക്ക് വിമാനം വിമാനത്താവളത്തിന്‍റെ ഭിത്തിക്കരികെ കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നു. വിമാനത്തിന്റെ നോസ്, ടെയിൽ എന്നിവ വേർപെട്ട നിലയിലാണ്.
വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ വിമാനം പതിച്ചതിനെ തുടർന്ന് മരിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം ഇറങ്ങുന്നതിനിടെ വടക്കു ഭാഗത്ത് റൺവേയിൽനിന്ന് തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഹോങ്കോങിലെ വ്യോമയാന വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
ദുബൈയിലെ എമിറേറ്റ്‌സ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇകെ9788 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണ്. എസിടി എയർലൈൻസിൽ നിന്ന് വാടകയ്‌ക്കെടുത്തതും അവർ പ്രവർത്തിപ്പിച്ചിരുന്നതുമായ ബോയിങ് 747 കാർഗോ വിമാനമായിരുന്നു അതെന്നും സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു.
https://www.facebook.com/Malayalivartha