കുവൈത്ത്- സൗദി റെയിൽ പാത, റിയാദിൽ എത്താൻ വെറും 2 മണിക്കൂർ സമയം മാത്രം, റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

പ്രവാസികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന പദ്ധതിയാണ് കുവൈത്ത്- സൗദി റെയിൽ പാത. പാത നടപ്പിലായാൽ കുവൈത്തിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിൽ എത്താൻ 2 മണിക്കൂർ സമയം മാത്രം എടുക്കും എന്നത് പ്രവാസികൾ ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കാരണം നിലവിൽ കുവൈത്തിൽ നിന്ന് റിയാദിലേയ്ക്ക് റോഡ് മാർഗം എത്തുവാൻ ചുരുങ്ങിയത് 6 മണിക്കൂറും വിമാനമാർഗം ഒരു മണിക്കൂറുമാണ് എടുക്കുന്നത്. വിമാന യാത്രക്ക് ഒരു മണിക്കൂർ ആണ് സമയ ദൈർഘ്യം എന്നിരുന്നാലും ഇരു വിമാനത്താവളങ്ങളിലും ഉള്ള യാത്രാ നടപടി ക്രമങ്ങളുടെ സമയം കൂടി കണക്കാക്കിയാൽ ലക്ഷ്യ സ്ഥാനത്ത് വേഗത്തിൽ എത്തുന്നതിനു ട്രെയിൻ വഴിയുള്ള യാത്ര തന്നെയാകും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും. ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ നീളം 115 കിലോമീറ്ററാണെന്ന് അറബി ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര പഠനം നടത്തുന്ന SYSRTA യുമായി ആണ് കരാർ ഒപ്പിട്ടത്. കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറി ഈദ് അൽ-റഷീദിയും സൗദി റെയിൽവേയുടെ ഷെയർഡ് സർവീസസ് വൈസ് പ്രസിഡന്റ് സലാ അൽ ഒമൈറുമാണ് പദ്ധതിയുടെ സാമ്പത്തിക, പഠനത്തിനുള്ള കരാറിൽ ഒപ്പുവച്ചത്. സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ ഗതാഗതം കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര റെയിൽവേ കണക്റ്റിവിറ്റി സംഘടിപ്പിക്കാനും സജീവമാക്കാനും ഈ കരാർ ലക്ഷ്യമിടുന്നതായും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഉന്നതമായ ആഗ്രഹത്തിന്റെ ഫലമായിട്ടാണ് കരാറിന്റെ പ്രാധാന്യം പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി ഊന്നിപ്പറഞ്ഞത്. കരാർ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 6 മാസമാണ്.
കഴിഞ്ഞ മാസം അവസനത്തോട് കൂടിയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ കരാറിന് അംഗീകാരം നല്‍കിയത്. കുവൈത്ത് ജൂണില്‍ തന്നെ പദ്ധതി അംഗീകരിച്ചിരുന്നു. ജോയിന്റ് റെയില്‍ ലിങ്ക് പദ്ധതി, മേഖലയില്‍ നിലവിലുള്ള മറ്റ് റെയില്‍ പദ്ധതികളെ ബാധിക്കില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha