പ്രവാസികൾ ഇരുട്ടു മുറികളിൽ...,കുവൈത്തിൽ ബാച്ച്‌ലര്‍മാരെ താമസിപ്പിച്ച ഫാമിലി റെസിഡന്‍ഷ്യല്‍ മേഖലകളിലെ കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരും

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവാരാൻ പുതിയ ഓരോ നടപടികൾ ആവിഷ്കരിക്കുകയാണ് കുവൈത്ത്. രാജ്യത്ത് ആകെയുള്ള 46 ലക്ഷം ജനങ്ങളില്‍ 34 ലക്ഷം പ്രവാസികളാണ്. 70 ശതമാനം വിദേശികളെന്ന ജനസംഖ്യാപരമായ ഈ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരാൻ തന്നെയാണ് കുവൈത്തിന്റെ നീക്കം. നിശ്ചിത തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസ നിർത്തിവെച്ചിരിക്കുന്നത് തുടരുകയാണ്. ഇതിന് പിന്നാലെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കുവൈത്തിൽ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
ഇതിനിടയിൽ രാജ്യത്ത് സ്വകാര്യ, ഫാമിലി റെസിഡന്‍ഷ്യല്‍ താമസസ്ഥലങ്ങളില്‍ ബാച്ച്‌ലര്‍മാരെ താമസിപ്പിക്കരുതെന്ന നിയമം കര്‍ശനമാക്കി. സ്വദേശികള്‍ താമസിക്കുന്ന പാര്‍പ്പിട മേഖലകളില്‍ പ്രവാസി ബാച്ച്‌ലര്‍മാരെ താമസിപ്പിക്കരുതെന്നാണ് നിയമം. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ബാച്ച്‌ലര്‍മാരുടെ താമസം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമിതി അറിയിച്ചു.
മുനിസിപ്പല്‍ മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളിലായി 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കി സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സമിതി ഖൈത്താന്‍ മേഖലയിലാണ് വിപുലമായ പരിശോധന കാമ്പയിന് തുടക്കം കുറിച്ചിരുന്നത്.
ആറുമാസം നീണ്ടുനില്‍ക്കുന്ന പരിശോധനാ ക്യാമ്പയിനില്‍ കുടുംബമേഖലകളിലെ വീടുകള്‍ നിരീക്ഷിക്കാനും പുതിയ പരാതികള്‍ പരിശോധിക്കാനുമായിരുന്നു നിര്‍ദേശം. നിയമലംഘനങ്ങളില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നീതിന്യായ മന്ത്രാലയവുമായി മുനിസിപ്പാലിറ്റി വിഭാഗത്തെ നേരിട്ട് ബന്ധിപ്പിക്കുകയുണ്ടായി. കുടുംബ താമസകേന്ദ്രങ്ങളില്‍ ബാച്ച്‌ലര്‍ താമസം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് മുനിസിപ്പാലിറ്റി രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇത്തരം മേഖലകളില്‍ ബാച്ച്‌ലര്‍ താമസം സമ്പൂര്‍ണമായി നിരോധിക്കുന്നതിനുള്ള നിയമം മുനിസിപ്പല്‍, കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കരട് നിയമം കുവൈറ്റ് മന്ത്രിസഭയുടെ പരിഗണനയിലാണ്. നിയമത്തിന് ഫത്‌വ, നിയമനിര്‍മ്മാണ വകുപ്പുകളുടെ അംഗീകാരം ലഭിച്ചിരുന്നു. നിയമം ലംഘിച്ചാല്‍ 1,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴ ഈടാക്കാമെന്നും കരട് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha