രണ്ടര വര്‍ഷം മുന്‍പ് ആറ്റില്പോയ മാല കിട്ടിയ യുവാവ് ഉടമയ്ക്കു തിരിച്ചുനല്‍കി
ഇതാ 24 ക്യാരറ്റ് സത്യസന്ധതയുമായി ഒരു യുവാവ്. ആറ്റില്‍നിന്നു കിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണമാല തിരികെ നല്കി മാതൃകയായത് മുണ്ടക്കയത്തിനടുത്ത ഇളംകാട് എന്ന കൊച്ചുഗ്രാമത്തിലെ ഒരു യുവാവാണ്. ഇപ്പോള്‍ പ്രദീപെന്ന ആ യുവാവാണ് ഇവിടെ താരം. കാരണം, ഈ മാല രണ്ടരവര്‍ഷം മുന്‍പു വെള്ളത്തില്‍ കാല്‍വഴുതി വീണ ഫാത്തിമയ്ക്കു നഷ്ടപ്പെട്ട മാലയാണ്.
കഴിഞ്ഞ ദിവസം മുണ്ടക്കയത്തിനടുത്ത് പുല്ലകയാറിന്റെ ഉദ്ഭവമായ ഇളംകാട് തോട്ടില്‍ കുളിക്കാനിറങ്ങിയ കൊടിത്തോട്ടത്തില്‍ പ്രദീപിന്റെ കാലില്‍ എന്തോ ചുറ്റിപ്പിണയുന്നതായി തോന്നി, കാല് വലിച്ചു. പക്ഷേ കാല് തിരികെവച്ചപ്പോള് വീണ്ടും അതേ അവസ്ഥതന്നെ. പേടിയോടെ കാല് വലിച്ചെടുത്ത പ്രദീപ് കാലില്‍ കുടുങ്ങിയ വസ്തു കണ്ട് ആദ്യമൊന്നു ഞെട്ടി; അതൊരു സ്വര്‍ണമാലയായിരുന്നു.
അപ്പോഴാണ് പ്രദീപിനു രണ്ടരവര്‍ഷം മുന്‍പുണ്ടായ ആ സംഭവം ഓര്മ വന്നത്. രണ്ടരവര്‍ഷം മുന്‍പ് ഇതേ ആറ്റില്‍ കുളിക്കാനിറങ്ങിയ ഫാത്തിമ കാല്‍വഴുതി വെള്ളത്തില്‍ വീണു. പരുക്കുകളേല്‍ക്കാതെ കരകയറിയെങ്കിലും കരയിലെത്തിയപ്പോള്‍ മാല കാണാനില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വെള്ളത്തിലും കരയിലും ഇരുള്‍വീഴും വരെ തപ്പിയെങ്കിലും അന്ന് മാല കിട്ടിയില്ല.
ഇതു മനസ്സിലായ ഉടന്‍ ഒട്ടും താമസിയാതെ പ്രദീപ് അയല്‍ക്കാരനായ കൊല്ലംപറമ്പില്‍ ഹംസയുടെ വീട്ടിലെത്തി. ഹംസയെയും ഭാര്യ ഫാത്തിമാ ബീവിയെയും മാല കാണിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ ഫാത്തിമ തിരിച്ചറിഞ്ഞു, ഇതു നഷ്ടപ്പെട്ടുപോയ മാലയാണെന്ന്. ഒരിക്കലും കിട്ടില്ലെന്നു കരുതിയ മാല വീണ്ടും തന്റെ കൈകളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമാബീവി എന്ന അറുപതുകാരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha