ഐഫല്‍ ടവറിന്റെ ഗോവണിപ്പടികള്‍ ലേലത്തില്‍ പോയി!

പാരീസില്‍ പോയി ഐഫല്‍ ടവര്‍ കാണുന്നവര്‍ അതിന്റെ ഒരു ചെറിയ പതിപ്പ് വാങ്ങിക്കൊണ്ടാണു മടങ്ങാറുള്ളത്.
കഴിഞ്ഞദിവസം ഒരു പശ്ചിമേഷ്യക്കാരന്‍ ഐഫല്‍ ടവറിന്റെ ഒരു ഭാഗം തന്നെ സ്വന്തമാക്കിക്കളഞ്ഞു. ടവറിന്റെ രണ്ടും മൂന്നും നിലകളെ ബന്ധിപ്പിച്ചിരുന്ന പിരിയന്‍ ഗോവണിയാണ് ലേലത്തിലൂടെ ഇയാള്‍ സ്വന്തമാക്കിയത്. ലേലം പിടിച്ചയാളുടെ പേരുവിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.
900 കിലോഗ്രാം തൂക്കം വരുന്ന ഗോവണിക്ക് 1,90,885 ഡോളറാണ് വില ലഭിച്ചത്. പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയാണിത്.
ഗുസ്താവ് ഐഫല്‍ എന്ന എന്‍ജിനിയര്‍ 1889-ല്‍ പണിപൂര്‍ത്തിയാക്കിയ 324 മീറ്റര്‍ ഉയരമുള്ള ടവര്‍ പാരീസിന്റെ മുഖമുദ്രയാണ്.
നിലകളെ ബന്ധിപ്പിച്ച് നേരത്തേ പിരിയന്‍ഗോവണി ഉണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാന്‍ വേണ്ടി ഇത് 1983-ല്‍ മുറിച്ചുമാറ്റി.
ഗോവണിപ്പടിയുടെ മറ്റു ഭാഗങ്ങള്‍ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്‍ഡിലും ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യപ്രതിമയ്ക്കു സമീപവും ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























