ഡിഎന്‍എ ടെസ്റ്റ് നടത്തി പോലീസ്, എന്തിനെന്നോ... തൈര് മോഷ്ടിച്ചയാളെ കണ്ടെത്താന്‍! അതിനായി ചെലവഴിച്ചത് 585 ഡോളര്‍

വളരെ നിസാരമായ ഒരു കേസ് തെളിയിക്കുവാനായി അനാവശ്യമായി പണം ചെലവഴിച്ച പോലീസുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകളാണ് തായ്വാനിലെ തായ്‌പേയിയില്‍ നിന്നു വരുന്നത്.
അഞ്ച് പേര്‍ക്കൊപ്പം താന്‍ താമസിക്കുന്ന ചൈനീസ് കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ മുറിയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച കുപ്പിയില്‍ നിന്നും തൈര് നഷ്ടപ്പെട്ടുവെന്ന് കാണിച്ച് വിദ്യാര്‍ഥിനികളിലൊരാള്‍, പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ ഇവര്‍ ആര്‍ക്കും അനുവാദം നല്‍കിയിരുന്നില്ല.
സംഭവത്തില്‍ കുപിതയായ ഈ വിദ്യാര്‍ഥിനി, മുറിയില്‍ താമസിക്കുന്ന എല്ലാവരെയും വിളിച്ചുവരുത്തി, ആരാണ് തന്റെ തൈര് എടുത്തതെന്ന് ആരാഞ്ഞു. തൈര് എടുത്തതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥിനി കാലി കുപ്പിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസുദ്യോഗസ്ഥര്‍ എന്ത് വിലകൊടുത്തും തൈര് കട്ടെടുത്തയാളെ നിയമത്തിനു മുന്‍പില്‍ എത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.പരാതിക്കാരിയുടെ മുറിയില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥിനികളെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇവരാരും കുറ്റം ഏറ്റില്ല. ഇതിനെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.
വെറും രണ്ട് ഡോളര്‍ വിലയുള്ള തൈരിനായി പോലീസുദ്യോഗസ്ഥര്‍ ചിലവഴിച്ചത് ഏകദേശം 585 ഡോളറായിരുന്നു, ഡിഎന്‍എ ടെസ്റ്റിനായി. ഇവര്‍ യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടിയോ എന്ന് വ്യക്തമല്ല.
എന്നാല്‍ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതിനെ തുടര്‍ന്ന് വളരെ നിസാരമായ കാര്യത്തിനു വേണ്ടി പൊതു ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്ത പോലീസുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയാണ് ആളുകളുടെ സംസാരം.
https://www.facebook.com/Malayalivartha


























