ഇന്ത്യാക്കോരോ ഫ്രഞ്ചുകാരോ ആരായാലും കൊള്ളാം, വിമാനം കയറി മാത്രമേ ഈ ഹോട്ടലില്‍ എത്താനാവൂ...!
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ 'ലേ ഹോണ്ട് വില്ലേജി'ല്‍ ഉള്ള ഒരു ഹോട്ടലിനെ കുറിച്ചാണ് പറയുന്നത്.
ഓ,പിന്നേയ്...വിമാനം കയറിയാലേ ആ ഹോട്ടലില്‍ എത്താനാവൂ എന്നൊക്കെ പറഞ്ഞാല്‍ ഈ ഫ്രാന്‍സ് എന്താ അന്റാര്ട്ടിക്കയിലാണോ, ആ ഹോട്ടലിനു സമീപം താമസിക്കുന്ന ഫ്രാന്സുകാര്ക്കെങ്കിലും വിമാനം കയറാതെ ആ ഹോട്ടലില്‍ പോകാനാവില്ലേ...എന്നാവും ചോദിക്കാന്‍ തുടങ്ങുന്നത്. അതാ നേരത്തേ പറഞ്ഞത്, ആരായാലും കൊള്ളാം ഈ ഹോട്ടലില്‍ എത്തണോ, വിമാനത്തില്‍ കയറണം!
കാരണമെന്തെന്നോ... ഒരു യഥാര്ഥവിമാനം തന്നെയാണ് ഇവിടെ ഒരു ഹോട്ടല്‍ മുറിയായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്!
ഒരു പഴയ എയര്‍ക്രാഫ്റ്റ് വാങ്ങിയാണ് ഈ ഹോട്ടല്‍ മുറി തയാറാക്കിയിരിക്കുന്നത്. ഒരു ഡബിള്‍ ബെഡ്റൂം, രണ്ടു സിംഗിള്‍ ബെഡ്റൂം, പൂര്‍ണ്ണമായി സജ്ജീകരിച്ച അടുക്കള, ബാത്റൂം എന്നിവ അടങ്ങിയതാണ് ഈ വിമാനഹോട്ടല്.
യഥാര്ഥവിമാനം തന്നെയാണെന്നത് ഓര്‍മിപ്പിക്കാന്‍ ഇപ്പോഴും കോക്പിറ്റ് അതേപടി ഇതിനുള്ളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒരു പൈലറ്റ് സീറ്റ് ഇപ്പോള്‍ ടോയിലറ്റ് ആണെന്ന് മാത്രം. പൂര്‍ണ്ണമായും ശീതീകരിച്ച മുറികളാണ് എല്ലാം.
താമസക്കാര്‍ക്ക് പുറത്തിറങ്ങി ഇരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളില്‍ മിക്കവരും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വിമാനഹോട്ടലിനുനല്കിയിരിക്കുന്നത്. 80 ഡോളര്‍ ആണ് ഒരു ദിവസത്തെ വാടക.
https://www.facebook.com/Malayalivartha