ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.

മലയാള സിനിമയിലെ പുതിയ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് മമിത ബൈജു. എന്നാൽ ഇന്ന് തെന്നിന്ത്യയാകെ തിരക്കുള്ള താരമായി മാറിയ മമിതയെ ഒരിക്കൽ തന്റെ സിനിമയിൽ നായികയാക്കാൻ ശ്രമിച്ചിട്ടും നായകനും നിർമാതാവും എതിർത്തതോടെ ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. 'ഖോ ഖോ' എന്ന ചിത്രത്തിലെ മമിതയുടെ പ്രകടനം കണ്ടപ്പോഴാണ് താരത്തിന്റെ അഭിനയശേഷി താൻ തിരിച്ചറിഞ്ഞതെന്നും അന്ന് തന്നെ തന്റെ പുതിയ ചിത്രത്തിൽ നായികയാക്കാൻ തീരുമാനിച്ചിരുന്നുവെന്നും കമൽ പറയുന്നു.
എന്നാൽ മമിത അന്ന് അത്ര അറിയപ്പെടാത്ത നടിയായിരുന്നതിനാൽ നായകനും നിർമാതാവിനും താൽപര്യമുണ്ടായിരുന്നില്ല. കുറച്ചുകൂടി പ്രശസ്തയായ നായിക വേണമെന്നായിരുന്നു അവരുടെ നിലപാട്. മമിത ഭാവിയിൽ വലിയൊരു നായികയായി മാറുമെന്ന് താൻ ഉറപ്പിച്ചു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നീട് 'സൂപ്പർ ശരണ്യ' കൂടി കണ്ടതോടെ മമിതയെ തന്നെ നായികയാക്കണമെന്ന തീരുമാനത്തിൽ കമൽ ഉറച്ചുനിന്നു. തുടർന്ന് മമിതയെ വിളിച്ച് കഥ പറഞ്ഞു. ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മമിതയ്ക്കും അമ്മയ്ക്കും ഏറെ ഇഷ്ടമായി. മറ്റു ചില നടിമാരോട് പറഞ്ഞപ്പോൾ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും മമിത ആ കഥാപാത്രത്തെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും കമൽ ഓർക്കുന്നു. ഡേറ്റ് നേരത്തെ അറിയിക്കണമെന്നായിരുന്നു മമിതയുടെ അമ്മയുടെ ആവശ്യം. എന്നാൽ വീണ്ടും നായകനും നിർമാതാവും എതിർപ്പ് അറിയിച്ചതോടെ മമിതയെ ഒഴിവാക്കുകയായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു അനുഭവമെന്നും കമൽ പറയുന്നു.
മമിതയെ ഒഴിവാക്കി മൂന്നോ നാലോ മാസം കഴിഞ്ഞപ്പോഴാണ് 'പ്രേമലു' റിലീസ് ചെയ്യുന്നത്. അതോടെ മമിതയുടെ കരിയർ തന്നെ മാറി. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലും ശ്രദ്ധേയയായ താരമായി മമിത വളർന്നു. ഇന്ന് പിടിച്ചാൽ കിട്ടാത്ത നായികയായി മാറിയ മമിതയെ അന്ന് ആ ചിത്രത്തിൽ അഭിനയിപ്പിക്കാമായിരുന്നുവെന്ന് ഇപ്പോൾ നിർമാതാവിന് തോന്നുന്നുണ്ടാകുമെന്നും കമൽ പറയുന്നു. ചിത്രത്തിൽ നായകനേക്കാൾ പ്രാധാന്യവും സ്ക്രീൻ സ്പേസും നായികയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ മമിതയെ നായികയാക്കണമെന്ന തന്റെ ആഗ്രഹം നടക്കാതെ പോയതിൽ വലിയ വിഷമമുണ്ടെന്നും സ്വന്തം തിരക്കഥയിലുള്ള ആ സിനിമ ഇപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും കമൽ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























