ഭണ്ഡാരം കുത്തിത്തുറക്കാന്‍ വന്നതാ, പക്ഷേ ഉറങ്ങിപ്പോയിയെന്ന് 'സത്യവാദിയായൊരു കള്ളന്‍' നാട്ടുകാരെ അറിയിച്ചു!

മോഷണത്തിനിടെ ഉറങ്ങിപ്പോകുന്ന കളളന്‍മാരുടെ വാര്‍ത്തയൊക്കെ നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്്. എങ്കിലും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ ചോദ്യം ചെയ്ത നാട്ടുകാരോട് മോഷണത്തിനിറങ്ങിയതാണെന്ന് സമ്മതിക്കുന്ന കള്ളന്‍മാര്‍ വിരളമാകും. എന്നാലത് സമ്മതിച്ച സത്യസന്ധനായ ഈ അപൂര്‍വ കള്ളനെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്കും അദ്ഭുതമായി. പിന്നെ കുശലാന്വേഷണവും സെല്‍ഫിയും മറ്റുമായി ആകെ മേളമായി. ഒടുവില്‍ പാവം കള്ളന്‍ എന്നൊരു വിശേഷണവും. പിറവത്താണ് സംഭവം.
പോത്താനിക്കാട് സ്വദേശി പരീദ് ഇന്നലെ രാത്രി പത്തരയോടെ പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രത്തില്‍ മോഷണത്തിനായെത്തിയതാണ്. ലൈറ്റും ആളനക്കവും ഒക്കെ കണ്ടപ്പോള്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് തിരിച്ചെത്താമെന്ന് കരുതി ചുമ്മാ നടക്കാനിറങ്ങി. നടന്നുപോയ വഴിയില്‍ രാജരാജേശ്വരീ ക്ഷേത്രം കണ്ടപ്പോള്‍, സമയം തക്കത്തില്‍ വിനിയോഗിക്കണം എന്നു കരുതിയാവും രണ്ടും കല്‍പ്പിച്ചങ്ങ് കയറി. ഭണ്ഡാരം കുത്തിത്തുറന്ന് കയ്യില്‍ കിട്ടിയതെല്ലാം വാരിയെടുത്തു.
പിന്നീട് പള്ളിപ്പാട്ട് തിരിച്ചെത്തിയ പരീദ് സര്‍പ്പക്കാവിന് വശത്തിരുന്ന് ഉറങ്ങിപ്പോയി. പുലര്‍ച്ചെ നടക്കാനിറങ്ങിയ നാട്ടുകാര്‍ ആളനക്കം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഒന്ന് നീണ്ടു നിവര്‍ന്ന് പരീദിന്റെ എടുത്തടിച്ച മറുപടി. 'അപ്പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് വന്നതാ. ഇവിടെയെത്തിയപ്പോള്‍ ഉറങ്ങിപ്പോയി'. മറുപടി കേട്ട് ഇതെന്ത് കളളനെന്ന് ചിന്തിച്ച് നാട്ടുകാരും! ശരിയല്ലേ, ആരായാലും ഒന്നമ്പരന്നു പോവില്ലേ. മോഷ്ടിക്കാന്‍ വന്നതാണെന്ന് ഏതെങ്കിലും കള്ളന്‍ പറയുമോ? ഇവിടെ കണ്ടിട്ടുള്ളയാളല്ലല്ലോ എന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍, വഴിപോക്കനാണ്, അവിടെ യാദൃച്ഛികമായി എത്തിയെന്നും നേരം വെളുക്കുന്നതുവരെ അമ്പലപരിസരത്ത് ചെലവിടാം എന്നു കരുതി ഇരുന്നപ്പോള്‍, മയങ്ങിപ്പോയതാണെന്നോ മറ്റോ പറഞ്ഞാല്‍ മതിയായിരുന്നല്ലോ, കള്ളനാണെന്നും അടുത്തുള്ള മറ്റൊരമ്പലത്തില്‍ മോഷണം നടത്തിയിട്ടു വരുന്നതാണെന്നും മറ്റും പറയണമായിരുന്നോ എന്ന് ആരും ചിന്തിയ്ക്കും.
സംഗതി മോഷണമെങ്കിലും അത് തുറന്ന് പറഞ്ഞ കള്ളനോട് തോന്നിയ സ്‌നേഹത്തില്‍ ചിലര്‍ സെല്‍ഫി വരെ എടുത്തു. പിന്നീട് പിറവം പോലീസിനെ വിളിച്ച് പരീദിനെ ഏല്‍പ്പിച്ചു. പിറവം പൊലീസ് സ്റ്റേഷനിലുള്ള പരീദിനെ പൊലീസ് നാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha