ജീവിതത്തില്‍ വൈദ്യുതിയുടെ ആവശ്യമില്ലെന്ന് പറയുന്ന ഡോ. ഹേമ സനെ, ജീവിതകാലം മഴുവന്‍ ചെലവിട്ടത് വൈദ്യുതീകരിച്ചിട്ടില്ലാത്ത വീട്ടില്‍!

വൈദ്യുതി ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇന്ന് നമ്മളില്‍ ആര്‍ക്കൊക്കെ ചിന്തിക്കാനാവും? നമ്മുടെ ദൈനംദിന കാര്യങ്ങള്‍ എല്ലാം വൈദ്യുതിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കുടിക്കാനും കുളിക്കാനും ചൂടുവെള്ളമുണ്ടാക്കാനും ആഹാരം പാകം ചെയ്യാനും കറികള്‍ക്ക് കൂട്ടുകള്‍ തയ്യാറാക്കാനും, തണുത്തുപോയ ആഹരസാധനങ്ങള്‍ ചൂടാക്കാനുള്ള മൈക്രോ വേവ് അവനുകളും, ആഹാരവും പച്ചക്കറികളും മറ്റും കേടാകാതെ സൂക്ഷിക്കാനുള്ള ഫ്രിഡ്ജും അങ്ങനെയുള്ള ആധുനിക ഉപകരണങ്ങള്‍ ഏറെക്കുറെ എല്ലാം തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ന് മൊബൈല്‍ഫോണില്ലാതെ എത്രനേരം ഒരാള്‍ക്ക് കഴിയാനാവും? അതിന്റെ ചാര്‍ജ്ജ് എങ്ങാനും തീര്‍ന്നുപോയാല്‍ ചലനം നിലയ്ക്കുന്നത് നമ്മുടെയൊക്കെ ജീവിതത്തിന്റേതാണ് എന്നു പറഞ്ഞാലും അതിശയോക്തിയില്ല. ചുരുക്കത്തില്‍ വൈദ്യുതിയില്ലാതെ ഒരു പകല്‍ മുഴുവന്‍ പോലും ജീവിക്കാന്‍ നമ്മളില്‍ പലര്‍ക്കുമാവില്ല എന്നതാണ് സത്യം.
എന്നാല്‍ വൈദ്യുതി ജീവിതത്തില്‍ ആവശ്യമേ ഇല്ലെന്ന് പറയുന്ന ഒരാളാണ് 79-കാരിയായ ഡോ. ഹേമ സനെ. പൂനെയിലെ ബുധ്വര്‍ പെട്ടില്‍ താമസിക്കുന്ന ഡോ. ഹേമ സനെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളാണ്. ഹേമ സനെ, നീണ്ട വര്‍ഷം പൂനെയിലെ ഗര്‍വാരെ കോളജില്‍ പ്രൊഫസറായിരുന്നു.
വൈദ്യുതി ഇല്ലാതെ എങ്ങനെയാണ് കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. തിരിച്ച് അവരോടുള്ള ചോദ്യം ഇതാണ് വൈദ്യുതി ഉള്ളതുകൊണ്ട് എങ്ങനെയാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ തന്നെ വിഢിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഹേമ പറയുന്നു. എന്നാല്‍ താന്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹേമ പറയുന്നത്. ജീവിതകാലം മഴുവന്‍, വൈദ്യുതീകരിച്ചിട്ടില്ലാത്ത വീട്ടില്‍ കഴിഞ്ഞ ഡോ. ഹേമ സനെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രകൃതിയെ സ്നേഹിച്ച് പരിസ്ഥിതിയോടിണങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ടാണ് തനിക്ക് വൈദ്യുതി ആവശ്യമില്ലാത്തത്. ഭക്ഷണം, താമസം, വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതേ ആവശ്യമുള്ളൂ. ഈയുടത്ത കാലത്തല്ലേ വൈദ്യുതി വന്നത് അതില്ലാതെ തന്നെ ജീവിക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഹേമ സനെ പറയുന്നു.
നിറയെ മരങ്ങളും ചെടികളുമുള്ള ഒരു കൊച്ചു കുടിലിലാണ് ഹേമ സനെയുടെ താമസം. കൂട്ടിന് രണ്ട് പൂച്ചകളും ഒരു നായയും ഒരു കീരിയും കുറേ പക്ഷികളും. പക്ഷികളടക്കം സുഹൃത്തുക്കളാണ്. വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ അവര്‍ അരികിലെത്താറുണ്ട്. വീടും സ്ഥലവും വില്‍ക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ട്. നല്ല വില കിട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിറ്റാല്‍ ഈ മരങ്ങളേയും പക്ഷികളേയും ആര് സംരക്ഷിക്കും. അതുകൊണ്ട് എങ്ങോട്ടുമില്ല. അവര്‍ക്കൊപ്പം താമസിക്കുമെന്നും ഹേമ സനെ പറഞ്ഞു. ബോട്ടണി സംബന്ധമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ടും നിരവധി പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. നിലവില്‍ ഒരു പുതിയ പുസ്തകത്തിന്റെ എഴുത്തിലാണ് ഹേമ.
https://www.facebook.com/Malayalivartha