ആ റോസാപ്പൂവ് ഇനി 'ജാനകി അമ്മാള്‍ റോസാപുഷ്പം' എന്നറിയപ്പെടും!

രാജ്യത്ത് ആദ്യമായി ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വനിതയും പ്രമുഖ മലയാളി സസ്യശാസ്ത്രജ്ഞയുമായ ഇ.കെ. ജാനകി അമ്മാളിന്റെ പേര് ഇനി റോസാപ്പൂവിനും.
കൊടൈക്കനാല്‍ സ്വദേശികളും ദമ്പതികളുമായ വീരു വീരരാഘവന്‍, ഗിരിജ എന്നിവരാണ് ജനിതകഘടനയില്‍ മാറ്റം വരുത്തി രൂപപ്പെടുത്തിയ ഇളം മഞ്ഞ റോസാപ്പൂവിന് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സസ്യശാസ്ത്രജ്ഞയുടെ പേര് നല്‍കിയത്. സസ്യശാസ്ത്രമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭയെ രാജ്യം വേണ്ടരീതിയില്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാലാണ് റോസാപ്പൂവിന് ജാനകി അമ്മാളിന്റെ പേര് നല്‍കിയതെന്നും ഇരുവരും പറഞ്ഞു.
1897-ലായിരുന്നു തലശ്ശേരി സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ. കൃഷ്ണന്റേയും ദേവി അമ്മയുടെയും മകളായി ജാനകിയമ്മാളിന്റെ ജനനം. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്, മദ്രാസിലെ ക്വീന്‍ മേരീസ്, പ്രസിഡന്‍സി കോളജുകളില്‍ പഠനം. 1921-ല്‍ പ്രസിഡന്‍സിയില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ഓണേഴ്സ് നേടി മദ്രാസ് വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപികയായി.
1921-ല്‍ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം. സര്‍വകലാശാലയില്‍ നിന്നു തന്നെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പോടെ 1931-ല്‍ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ശാസ്ത്രവിഷയത്തില്‍ ഗവേഷണ ബിരുദം നേടുന്ന ആദ്യ ഇന്ത്യന്‍വനിതയായി.
പിന്നീട് ലണ്ടനിലെ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വിസ്‌ലിയിലെ റോയല്‍ ഹോട്ടികള്‍ചറല്‍ സൊസൈറ്റിയിലും സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു. സസ്യകോശങ്ങളുടെ ഘടനയും വിഭജനവുമൊക്കെ പഠിച്ചത് ഇക്കാലത്താണ്. സസ്യശാസ്ത്രജ്ഞനായിരുന്ന സി.ഡി. ഡാര്‍ലിംഗ് സണുമായി സഹകരിച്ച് ജാനകി അമ്മാള്‍ രചിച്ച 'ദ ക്രോമസോം അറ്റ്ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ്' എന്ന പുസ്തകം സസ്യശാസ്ത്ര വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്.
1951-ല്‍ പ്രധാനമന്ത്രി നെഹ്റു ഇന്ത്യയിലേക്ക് ക്ഷണിച്ചു. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ബി.എസ്.ഐ) പുനഃസംഘടിപ്പിക്കുകയായിരുന്നു ദൗത്യം. 1954 വരെ ബി.എസ്.ഐ സ്പെഷല്‍ ഓഫിസറായി പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചു വര്‍ഷം അലഹബാദ് സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി ഡയറക്ടര്‍. 1970-ല്‍ വിരമിച്ചു. 1984 ഫെബ്രുവരി ഏഴിനായിരുന്നു മരണം.
ജാനകി അമ്മാളിന്റെ രണ്ടാം തലമുറയിലെ അനന്തരവളോടൊപ്പം വീരു വീരരാഘവനും, ഗിരിജയും
ഇളം മഞ്ഞ സാരികളോടായിരുന്നു ജാനകി അമ്മാളിന് പ്രിയം. അതിനാല്‍ വെള്ളയും മഞ്ഞയും നിറത്തിലുള്ള വലിയ റോസാപ്പൂവിന് പേര് നല്‍കാന്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും വീരു വീരരാഘവനും ഗിരിജയും പറയുന്നു.
https://www.facebook.com/Malayalivartha