ഉണക്കത്തേങ്ങയില്‍ മോഹന്‍ദാസിന്റെ കരങ്ങള്‍ വിരിയിക്കുന്ന കലാഭംഗി

നെടുങ്കണ്ടം സ്വദേശി മോഹന്‍ദാസിന്റെ കൈയ്യില്‍ ഉണക്കത്തേങ്ങ കിട്ടിയാല്‍ ഗണപതിയും ഹട്ടും കിളിക്കൂടും കുരങ്ങന്‍മാരുമൊക്കെയായി തേങ്ങകള്‍ മാറും. അദ്ദേഹം ഒരുക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് വിദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തുന്നു.
ഉണങ്ങിയ തേങ്ങ കത്തിയും ബ്ലേഡും ഉപയോഗിച്ച് ചീകി ഒരുക്കിയാണ് കരകൗശല വസ്തുക്കള്‍ ഒരുക്കുന്നത്. തേങ്ങയുടെ പുറംതോട് കളയാതെയാണ് നിര്‍മാണം.
ഒരുദിവസം മൂന്നോളം കരകൗശല വസ്തുക്കള്‍ വരെ ഇദ്ദേഹം ഒരുക്കും. പൂര്‍ണമായും കൈ ഉപയോഗിച്ചാണ് നിര്‍മാണം. പോളീഷ് ചെയ്ത് മിനുക്കാതെ നിര്‍മിച്ച രീതിയില്‍തന്നെ വിപണിയിലെത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ബംഗളൂരുവില്‍ വ്യാപാരിയായിരുന്ന മോഹന്‍ദാസ് വര്‍ഷങ്ങള്‍ക്കുമുമ്പാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം ആരംഭിച്ചത്. നേരമ്പോക്കിനു തുടങ്ങിയ നിര്‍മാണം ഇന്ന് തൊഴിലായി മാറിയിരിക്കുയാണ്.
ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളിലെ ഒരു പ്രധാന ഇനമാണ് മോഹന്‍ദാസിന്റെ നിര്‍മിതികള്‍. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലുമൊക്കെ കച്ചവട സ്ഥാപനങ്ങളില്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്ന കുരങ്ങന്‍മാരും ഹട്ടുമൊക്കെ ഇദ്ദേഹത്തിന്റെ നിര്‍മിതിയാണ്. ഇടുക്കിക്കുപുറമെ ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലും വില്‍പനയുണ്ട്.
കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനൊപ്പം താത്പര്യമുള്ളവരെ ഇതു പഠിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തും. ഹട്ടുകളും കിളിക്കൂടുകളും വേഗത്തില്‍ നിര്‍മിക്കാനാവും. എന്നാല്‍ ഗണപതിയേയും കുരങ്ങിനേയും ഒരുക്കുന്നതിന് സമയം ഏറെ ആവശ്യമുണ്ട്. ലഭ്യമായ തേങ്ങയുടെ ആകൃതിക്കും വലുപ്പത്തിനുമനുസരിച്ച് നിര്‍മാണത്തില്‍ വ്യത്യസ്തത പുലര്‍ത്താനും ഇദ്ദേഹം ശ്രമിക്കുന്നു.
ഒരു തേങ്ങ ചെത്തിമിനുക്കി മനസില്‍ കാണുന്ന രൂപത്തിന് അനുയോജ്യമായ രീതിയില്‍ മുഖവും കൈകളും കാലുകളുമൊക്കെ ഒരുക്കി കണ്ണുകളുടെ സ്ഥാനത്ത് ഗോലികള്‍കൂടി വയ്ക്കുന്നതോടെ മനോഹരമായ ശില്‍പങ്ങളായി മാറും.
തേങ്ങയുടെ പുറംതോട് തലമുടിയായും രോമങ്ങളായും കിരീടമായും വീടിന്റെ മേല്‍ക്കൂരയായുമൊക്കെ രൂപപ്പെടും. ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് വലിയ തൊഴില്‍സാധ്യതകളാണ് ഉള്ളതെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha