തായ്‌ലന്‍ഡിലെ മെക്കലോങ് റെയില്‍വേ മാര്‍ക്കറ്റ്: ട്രെയിന്‍ എത്തുമ്പോള്‍ ഇല്ലാതാകുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അപൂര്‍വ്വ മാര്‍ക്കറ്റ്!

തായ്‌ലന്‍ഡിലെ പ്രശസ്തമായ മാര്‍ക്കറ്റാണ് മെക്കലോങ് റെയില്‍വേ മാര്‍ക്കറ്റ്. 100 വര്‍ഷം പഴക്കമുള്ള ഈ മാര്‍ക്കറ്റിനെ അംബ്രല്ല മാര്‍ക്കറ്റെന്നാണ് തായ്‌ലന്‍ഡുകാര്‍ വിളിക്കുന്നത്. സമൂട് സോണ്‍ഗ്രാം എന്ന പ്രവിശ്യയിലാണ് ഈ മാര്‍ക്കറ്റുള്ളത്. ഈ മാര്‍ക്കറ്റിനുള്ളിലൂടെ 1905-ല്‍ ഒരു റെയില്‍പാത നിര്‍മ്മിച്ചു. ആ റെയില്‍പാത ഇന്ന് ആ മാര്‍ക്കറ്റിനെ പ്രസിദ്ധമാക്കി.
റെയില്‍വേട്രാക്കിനെ മൂടിക്കൊണ്ട് കുട പോലെ പടുത ഇട്ടിരിക്കുന്നതു കൊണ്ടാണ് ഇവിടുത്തുകാര്‍ ഈ മാര്‍ക്കറ്റിനെ അംബ്രല്ല മാര്‍ക്കറ്റ് എന്നു വിളിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റാണ് ഇത്. റെയില്‍ പാളത്തോട് ചേര്‍ന്ന് ട്രോളികളില്‍ മീനും മാംസവും താഴെ ഷീറ്റ് വിരിച്ച് അതില്‍ പച്ചക്കറികളും പഴങ്ങളും നിരത്തിയാണ് വില്‍പ്പന നടത്തുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരോടൊപ്പം തന്നെ നിരവധി ടൂറിസ്റ്റുകളും ഈ മാര്‍ക്കറ്റ് കാണാനായി എത്താറുണ്ട്.
നിലത്തിട്ടിരിക്കുന്ന പച്ചക്കറികളിലും മറ്റും തൊടാതെ വളരെ സാവധാനമാണ് ട്രെയിന്‍ കടന്നു പോകുന്നത്. ട്രെയിന്‍ പോകുമ്പോള്‍ പടുതയും മറ്റും മടക്കി വെയ്ക്കും. ട്രെയിന്‍ പോയ ശേഷം വീണ്ടും പഴയരീതിയില്‍ തന്നെ നിവര്‍ത്തി ഇടും. ദിവസവും ഏഴ് തവണ ഇത്തരത്തില്‍ ട്രെയിന്‍ ഇതുവഴി കടന്നു പോകും.
https://www.facebook.com/Malayalivartha


























