ബൗള്‍ ചെയ്ത പന്ത് ബാറ്റ്സ്മാന്റെ മുന്നിലെത്തുന്നത് എല്ലാവരും കണ്ടതാണ്...പിന്നെ അത് എവിടെപ്പോയി ? അമ്പരന്ന് ബാറ്റ്സ്മാന്; ചിരിപൊട്ടി ശ്രീലങ്കന്‍ താരങ്ങള്‍
ഗോളില്‍ ശ്രീലങ്കയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ ഒരു സംഭവം സോഷ്യല്‍ മാധ്യമങ്ങളില്‍ പുഞ്ചിരി പടര്‍ത്തുന്നു.
കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ നില്ക്കുന്നു. ക്രീസില്‍ വാലറ്റക്കാരന് ട്രെന്റ് ബോള്‍ട്ട്. ശ്രീലങ്കന്‍ സ്പിന്നര്‍ ലസിത് എംബുല്‍ദേനിയ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സ്വീപ് ചെയ്യാനുള്ള ബോള്‍ട്ടിന്റെ ശ്രമത്തിനിടെ പന്ത് കാണാതായി. പിന്നീട് പന്തു കണ്ടെത്തി... എവിടെയെന്നോ ബാറ്റ്സ്മാന്റെ ഹെല്‍മറ്റിന്റെ ഗ്രല്ലിനുള്ളില്!
ശ്രീലങ്ന് താരം എംബുല്‍ദേനിയയുടെ പന്ത് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് ബോള്‍ട്ടിന്റെ ബാറ്റിലുരസി ഹെല്‍മറ്റിനു മുന്നിലുള്ള ഗ്രില്ലില്‍ തറയ്ക്കുകയായിരുന്നു. കമ്പികള്‍ക്കിടയില്‍ തറച്ചുകയറിയ പന്ത് അവിടെത്തന്നെയിരുന്നു. പന്തെവിടെപ്പോയെന്ന് അറിയാതെ ബോള്‍ട്ട് അന്ധാളിച്ചു നില്ക്കുമ്പോള്, പന്തിന്റെ ഇരിപ്പുകണ്ട് ചിരിപൊട്ടിയ അവസ്ഥയിലായിരുന്നു ശ്രീലങ്കന്‍ താരങ്ങള്‍.
വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വല്ലയുടെ നേതൃത്വത്തില്‍ ബോള്‍ട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കന്‍ താരങ്ങള്‍ പന്തെടുത്തുമാറ്റി. പിന്നീട് ബോള്‍ട്ടിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ് മല്‍സരം പുനഃരാരംഭിച്ചത്. എന്തായാലും ബോള്‍ട്ടിന്റെ ഹെല്‍മറ്റില്‍ പന്തു കുരുങ്ങിയതിന്റെ ചിത്രം ഐസിസി ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. 'കോട്ട് ആന്‍ഡ് ബോള്‍ട്ട്' എന്ന കുറിപ്പോടെയാണ് ഐസിസി ചിത്രം ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha