ഏഷ്യ കപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ പോരാട്ടം ; ബംഗ്ലാദേശ് ഫൈനലിലെത്തിയത് അവസാന സൂപ്പർഫോർ മത്സരത്തില്‍ 37 റണ്‍സിന് പാക്കിസ്ഥാനെ തകര്‍ത്ത്

യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. നാളെ വൈകിട്ട് അഞ്ചു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ മത്സരം. അവസാന സൂപ്പർഫോർ മത്സരത്തില്‍ 37 റണ്‍സിന് പാക്കിസ്ഥാനെ തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 239 റണ്ണിന് പുറത്തായി.
സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുമെന്നും ഫൈനലിലെത്തി ഇന്ത്യയോട് പകരം ചോദിക്കുമെന്നും പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആണ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ബംഗ്ലാദേശിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു.
ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാനെ 202 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇന്ത്യ നേരത്തെതന്നെ ഫൈനലില്‍ കടന്നിരുന്നു. 28നാണ് ഫൈനല്‍. സ്കോര്‍: ബംഗ്ലാദേശ് 239 (48.5), പാകിസ്ഥാന്‍ 9-202.
നാലുവിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുര്‍ റഹ്മാനാണ് പാകിസ്ഥാനെ തകര്‍ത്തത്. മെഹ്ദി ഹസന്‍ രണ്ടുവിക്കറ്റും വീഴ്ത്തി. പാകിസ്ഥാനുവേണ്ടി അരസെഞ്ചുറി നേടിയ ഇമാം ഉള്‍ ഹഖ് (105 പന്തില്‍ 83) പൊരുതി. ഷോയിബ് മാലിക്ക് (51 പന്തില്‍ 30), ആസിഫ് അലി (47 പന്തില്‍ 31) എന്നിവര്‍ ഇമാമിന് പിന്തുണനല്‍കി. ഇത് മൂന്നാംതവണയാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെയും തുടക്കം. 12 റണ്ണെടുക്കുന്നതിനിടെ മുന്‍നിരയിലെ മൂന്ന് വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് ഖാനാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്കോറില്‍നിന്ന് തടഞ്ഞത്. 99 റണ്ണെടുത്ത മുഷ്ഫിക്കര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
അഞ്ചാം പന്തില്‍തന്നെ സൗമ്യ സര്‍ക്കാര്‍ റണ്ണെടുക്കാതെ മടങ്ങി. ജുനൈദിനായിരുന്നു വിക്കറ്റ്. രണ്ടാമനായെത്തിയ മൊമിനുള്‍ ഹഖിനെ (4 പന്തില്‍ 5) ഷഹീന്‍ അഫ്രീദിയും ബൗള്‍ഡാക്കി. ലിട്ടണ്‍ദാസിന്റെ (16 പന്തില്‍ 6) കുറ്റി ജുനൈദ് പിഴുതു.തുടര്‍ന്ന് മുഷ്ഫിക്കറും മുഹമ്മദ് മിഥുനും ചേര്‍ന്ന് ബംഗ്ലാദേശിനെ കരകയറ്റി. പരിക്കേറ്റ ഷാകിബ് അല്‍ ഹസന്‍ കളിക്കാത്തതിനാല്‍ ബാറ്റിങ്നിരയുടെ മുഴുവന്‍ ചുമതലയും മുഷ്ഫിക്കറിനായിരുന്നു.144 റണ്ണാണ് നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്.
മിഥുനെ (84 പന്തില്‍ 60) പുറത്താക്കി ഹസന്‍ അലിയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിച്ചത്. പകരമെത്തിയ ഇമ്രുള്‍ കയ്സിനെ (10 പന്തില്‍ 9) ഷദാബ് ഖാന്‍ വിക്കറ്റിനുമുന്നില്‍ കുരുക്കി. സെഞ്ചുറിയിലേക്ക് നീങ്ങിയ മുഷ്ഫിക്കറും വീണു. മുഷ്ഫിക്കറിനെ ഷഹീന്‍ അഫ്രീദി തകര്‍പ്പന്‍ പന്തില്‍ പുറത്താക്കി. ഒമ്ബത് ബൗണ്ടറികളായിരുന്നു മുഷ്ഫിക്കറിന്റെ ഇന്നിങ്സില്‍. പിന്നീട് 25 റണ്ണെടുത്ത മഹ്മദുള്ള മാത്രമാണ് പൊരുതാന്‍ ശ്രമിച്ചത്. എന്തായാലും ബംഗ്ലാദേശ് ഇന്ത്യയെ നേരിടുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
https://www.facebook.com/Malayalivartha