ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍; ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം
ഫോമിലേക്ക് തിരിച്ചെത്തിയ ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, അരങ്ങേറ്റക്കാരന്‍ കൃണാല്‍ പാണ്ഡ്യ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ മിന്നിയിട്ടും ധവാന് (98) സെഞ്ചുറിക്കരികെ വീണത് സങ്കടമായി.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മ (28) താളംകണ്ടെത്താതെ പുറത്തായെങ്കിലും ധവാന് കൂട്ടായി കോഹ്ലി എത്തിയതോടെ തല്ലിയും തലോടിയും ഇന്ത്യ മുന്നേറി. ഇരുവരും ചേര്‍ന്ന് സെഞ്ചുറി (105 ) കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് പിരിഞ്ഞത്.
60 പന്തില്‍ 56 റണ്‍സ് എടുത്ത കോഹ്ലി മാര്‍ക് വുഡിന് വിക്കറ്റ് നല്കി മടങ്ങി. ടീം സ്കോര്‍ 169 ല്‍ കോഹ്ലി വീണതിനു പിന്നാലെ ശ്രയസ് അയ്യരും (6) ഹാര്‍ദിക് പാണ്ഡ്യയും (1) വേഗം മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പമ്മിയ ടീം സ്കോര്‍ കെ.എല്‍ രാഹുലിനൊപ്പം അരങ്ങേറ്റക്കാരന്‍ കൃണാല്‍ എത്തിയതോടെ ടോപ് ഗിയറിലായി.
ഇംഗ്ലണ്ട് ബൗളര്‍മാരെ അറ്റാക്ക് ചെയ്ത കൃണാല്‍ 31 പന്തില്‍ 58 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഇതിനിടെ ഏഴ് ഫോറും രണ്ട് സിക്സറുകളും കൃണാലിന്റെ ബാറ്റില്‍നിന്നും പിറന്നു. രാഹുല്‍ 43 പന്തില്‍ 62 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
നാല് വീതം സിക്സറുകളും ബൗണ്ടറികളുമാണ് രാഹുലിന്റെ ബാറ്റില്‍നിന്നും പറന്നത്. അവസാന 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 112 റണ്‍സ് ആണ് ഇരുവരും അടിച്ചുകൂട്ടിയത്. ബെന്‍സ്റ്റോക്സ് മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
https://www.facebook.com/Malayalivartha