ഇന്ത്യന്‍ ടീമിന് ആ കുറവുണ്ട്... തുറന്നു സമ്മതിച്ച് ഹിറ്റ് മാന്‍

ഡെത്ത് ഓവറുകളില്‍ വാങ്ങിക്കൂട്ടുന്ന നാടന്‍ തല്ല് കണ്ടാലറിയാം ഇന്ത്യന്‍ ബൗളിംഗ് നിരയുടെ നിലവിലെ ദയനീയാവസ്ഥ. പ്രത്യേകിച്ച് പേസര്‍മാരാണ് ലക്ഷ്യബോധമില്ലാതെ പന്തെറിയുന്നത്. പരിക്കും ടീമിനെ വലയ്ക്കുന്നു. പേസര്‍ ജസ്പ്രീത് ബുമ്രയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇക്കുറി ലോകകപ്പ് തുടങ്ങും മുമ്പേ സ്‌ക്വാഡില്‍ നിന്ന് പരിക്കേറ്റ് പുറത്തായതോടെ ആശങ്കകള്‍ ഇരട്ടിയായി. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യന്‍ പേസര്‍മാരുടെ കണക്കുകള്‍ വായിച്ചാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും തലവേദന വീണ്ടും ഇരട്ടിയാവും.
26 ഇന്നിംഗ്‌സുകള്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറാണ് 2021 ട്വന്റി 20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പേസ് ബൗളര്‍. 35 വിക്കറ്റ് നേടിയപ്പോള്‍ ഭുവിക്ക് 7.2 എന്ന ഇക്കോണമിയേയുള്ളൂ എന്നത് നേട്ടം. എന്നാല്‍ ഡെത്ത് ഓവറിലെ മോശം പ്രകടനമാണ് ഭുവനേശ്വറിനെ അലട്ടുന്ന ഘടകം. ബുമ്രയുടെ അഭാവത്തില്‍ ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരു ഡെത്ത് ഓവര്‍ ആശങ്ക. ഐപിഎല്ലില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി വാഴ്ത്തപ്പെട്ടിട്ടും നീലക്കുപായത്തില്‍ 21 ഇന്നിംഗ്‌സുകള്‍ കളിച്ച ഹര്‍ഷല്‍ ഈ വര്‍ഷമാകെ 9 ഇക്കോണമി വഴങ്ങി. നേടിയത് 26 വിക്കറ്റുകളും. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുംമുമ്പ് സ്ലോഗ് ഓവറുകളിലെ തല്ലുകൊള്ളിത്തരത്തിന് മറുപടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ.
ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തുറന്നുസമ്മതിക്കുന്നുണ്ട്. ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള ക്യാപ്റ്റന്‍ രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. 'നമ്മുടെ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും മികച്ച ഓപ്ഷനുകള്‍ കണ്ടെത്താനാകും. അവസാന രണ്ട് പരമ്പരകള്‍ വലിയ വെല്ലുവിളിയായിരുന്നു. ലോകത്തെ രണ്ട് മികച്ച ടീമുകള്‍ക്കെതിരെയാണ് കളിച്ചത്. അതിനാല്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടു. മികച്ചതായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഇരുത്തിച്ചിന്തിക്കുന്നതാണ്. അതുമൊരു വെല്ലുവിളിയാണ്. എന്നാല്‍ ഉത്തരം കണ്ടെത്തിയേ പറ്റൂ. അതിനുള്ള ശ്രമങ്ങളിലാണ് എന്ന് ഞാനിപ്പോഴും പറയുന്നു. എന്താണ് കളത്തില്‍ നേടേണ്ടത് എന്ന കാര്യത്തില്‍ താരങ്ങള്‍ക്ക് വ്യക്തത വേണം. അത് പറഞ്ഞുനല്‍കേണ്ടത് എന്റെ ചുമതലയാണ്. ശ്രമങ്ങള്‍ തുടരുകയാണ്. അത് തുടരും' എന്നും ഇന്‍ഡോറിലെ മത്സരശേഷം ഹിറ്റ്മാന്‍ പറഞ്ഞു.
ടി20 ലോകകപ്പിന് മുമ്പ് ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ടീം ഇന്ത്യ. ലോകകപ്പിനായി വരും ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിക്കും. ഓസീസ് മണ്ണിലെത്തിയ ശേഷം ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. ഒക്ടോബര്‍ 22ാം തിയതിയാണ് ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ന്യൂസിലന്‍ഡും ഓസീസും തമ്മിലാണ് ആദ്യ മത്സരം. തൊട്ടടുത്ത ദിവസം 23ാം തിയതി ഇന്ത്യപാകിസ്ഥാന്‍ തീപാറും പോരാട്ടം വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.
https://www.facebook.com/Malayalivartha