സിംബാബ്വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...

സിംബാബ്വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് 4 വിക്കറ്റ് വിജയം. തുടക്കത്തിൽ വിറച്ചാണ് ഇന്ത്യ ഒടുവിൽ വിജയം പിടിച്ചത്. ബോർഡിൽ 19 റൺസ് എത്തുമ്പോൾ ഇന്ത്യക്ക് 4 മുൻനിര താരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ഒടുവിൽ ഇന്ത്യ വിജയ ലക്ഷ്യമായ 115 റൺസ് 15.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസാക്കി മറികടക്കുകയായിരുന്നു. ടോസ് നേടി ഇന്ത്യ ബൗളിങ് എടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് കരസ്ഥമാക്കിയത്.
ഔദ്യോഗിക ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പോരിൽ സ്മൃതി മന്ധാനയ്ക്ക് അരങ്ങേറ്റക്കാരി നികി പ്രസാദും പരിചയസമ്പന്നയായ ദീപ്തി ശർമയും ചേർന്നു വിജയം സമ്മാനിക്കുകയായിരുന്നു.
19 റൺസിനിടെ 4 വിക്കറ്റുകൾ നഷ്ടമായി നിന്ന ഇന്ത്യയെ രണ്ടുപേരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചെടുത്തത്. വിജയത്തിന്റെ വക്കിൽ നിൽക്കെ ദീപ്തിയെ ഇന്ത്യക്ക് നഷ്ടമാകുകയായിരുന്നു. പിന്നാലെ വന്ന റിച്ച ഘോഷിനേയും അതിനിടെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. അരുന്ധതി റെഡ്ഡിയെ സാക്ഷിയാക്കി നികി പ്രസാദ് പുറത്താകാതെ നിന്നാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത്. താരത്തിന്റെ സീനിയർ ടീമിനായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്. അരങ്ങേറ്റം അവിസ്മരണീയമാക്കാനായി നികിയ്ക്ക് കഴിഞ്ഞു.
ദീപ്തി 37 പന്തിൽ 8 ഫോറുകൾ സഹിതം 49 റൺസെടുത്തു പുറത്തായി. ഒറ്റ റണ്ണിൽ താരത്തിന് അർഹിച്ച അർധ സെഞ്ച്വറിയാണ് നഷ്ടപ്പെട്ടത്. നികി പ്രസാദ് 6 ഫോറുകൾ സഹിതം പുറത്താകാതെ 35 പന്തിൽ 39 റൺസെടുക്കുകയും ചെയ്തു. ക്യാപ്റ്റനായുള്ള വരവിൽ പക്ഷേ സ്മൃതിക്ക് ബാറ്റിങിൽ തിളങ്ങാൻ കഴിഞ്ഞില്ല. താരം 9 റൺസിൽ മടങ്ങി.
വൈസ് ക്യാപ്റ്റനായി അരങ്ങേറിയ സഹ ഓപ്പണർ ഷെഫാലി വർമയും പരാജയപ്പെട്ടു. ഷെഫാലി 4 റൺസുമായി പുറത്തായി. അനുഷ്ക ശർമയും 4 റൺസുമായി മടങ്ങി. ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പടിയിറങ്ങിയ ഹർമൻപ്രീത് കൗറും നിരാശപ്പെടുത്തി. 1 റണ്ണാണ് സംഭാവന. റിച്ച ഘോഷ് 7 റൺസിൽ പുറത്താകുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























