ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡ് വിജയ വഴിയിൽ...റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അത് ലറ്റികോ

സൂപ്പർ സ്ട്രൈക്കർ ഹൂലിയൻ അൽവാരസിന്റെ ഹാട്രിക് മികവിൽ ലാലിഗയിൽ അത് ലറ്റികോ മാഡ്രിഡ് വിജയ വഴിയിലെത്തി. റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) തോൽപ്പിച്ചത്.
15, 80, 88 മിനിറ്റുകളിലാണ് ആൽവാരസിന്റെ ഗോളുകൾ. വല്ലേക്കാനോക്ക് വേണ്ടി 45ാം മിനിറ്റിൽ പെപ് കാവറിയയും 77ാം മിനിറ്റിൽ ആൽവാരോ ഗ്രാഷ്യ റിവേരയുമാണ് ഗോൾ നേടിയത്. റിയാദ് എയർ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിറ്റിലാണ് അത്ലറ്റികോ ലീഡെടുക്കുന്നത്.
ലൊറന്റോ ബോക്സിന്റെ ഇടതുമൂലയിലേക്ക് ഉയർത്തി നൽകിയ ഒന്നാന്തരം ക്രോസ് പന്ത് നിലംതൊടും മുൻപെ ഇടങ്കാലൻ വോളിയിലൂടെ അൽവാരസ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് വല്ലേക്കാനോക്ക് വേണ്ടി പെപ് കാവറിയ ഗോൾ മടക്കി. ഗോൾ പോസ്റ്റിന്റെ 30 മീറ്റർ അകലെ നിന്നും കാവറിയ തൊടുത്തുവിട്ട ഇടങ്കാലൻ ബുള്ളറ്റ് അത്ലറ്റിക്കോയുടെ വല തുളച്ചുകയറി.
77ാം മിനിറ്റിൽ ഗ്രാഷ്യയിലൂടെ വല്ലേക്കാനോ ലീഡെടുത്തു(2-1). എന്നാൽ 80ാം മിനിറ്റിൽ അൽവാരസ് വീണ്ടും വല ചലിപ്പിച്ചതോടെ സ്കോർ തുല്യമായി (2-2). 88ാം മിനിറ്റിലാണ് അൽവാരസ് ഹാട്രിക് തികച്ച അത്ലറ്റികോയുടെ വിജയഗോൾ എത്തുന്നത്.
ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് ഒന്‍പത് പോയിന്റുമായി ഒന്‍പതാം സ്ഥാനത്തേക്ക് ഉയർന്നു. 18 പോയിന്റുള്ള റയൽ മാഡ്രിഡും 13 പോയിന്റ് വീതമുള്ള ബാഴ്സലോണയും വില്ലാറയലുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
"
https://www.facebook.com/Malayalivartha