പാനമയെ തകര്‍ത്ത് ചിലെ ക്വാര്‍ട്ടറില്‍; പാനമ പുറത്ത്

നിലവിലെ ചാംപ്യന്‍മാരായ ചിലെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പൊരുതിക്കളിച്ച പാനമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലെയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മിഗ്വേല്‍ കമര്‍ഗോയിലൂടെ മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ത്തന്നെ ലീഡെടുത്ത പാനമയെ എഡ്വാര്‍ഡോ വര്‍ഗാസ് (15, 43), അലക്‌സിസ് സാഞ്ചസ് (50, 89) എന്നിവരുടെ ഇരട്ടഗോള്‍ മികവിലാണ് ചിലെ മറികടന്നത്. പാനമയുടെ രണ്ടാം ഗോള്‍ അബ്ദിയേല്‍ അറോയ നേടി.
വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് ചിലെ ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടാം തോല്‍വി വഴങ്ങിയ പാനമ പുറത്തായി. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ആദ്യ ടീം. കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് ജയിക്കുന്ന ആദ്യ ടീം കൂടിയാണ് ചിലെ.
വിജയിച്ചാല്‍ ക്വാര്‍ട്ടറെന്ന നിലയില്‍ മല്‍സരത്തിനിറങ്ങിയ പാനമയും ചിലെയും തുടക്കം മുതലേ ആക്രമണം അഴിച്ചുവിട്ടതോടെ പെന്‍സില്‍വാനിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്‌റ്റേഡിയം ഉണര്‍ന്നത് തന്നെ ഗോളുമായി. ചിലെ ഗോളി ക്ലോഡിയോ ബ്രാവോയുടെ പിഴവില്‍ നിന്നും മിഗ്വേല്‍ കമര്‍ഗോ പാനമയുടെ ആദ്യ ഗോള്‍ നേടുമ്പോള്‍ കളിതുടങ്ങി വെറും അഞ്ചു മിനിറ്റ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍, 10 മിനിറ്റിന് ശേഷം എഡ്വാര്‍ഡോ വര്‍ഗാസിലൂടെ സമനില പിടിച്ച ചിലെ പിന്നീട് തിരിഞ്ഞു നോക്കിയില്ല. വര്‍ഗാസിലൂടെ 43-ാം മിനിറ്റില്‍ ലീഡ് പിടിച്ച ചിലെ, സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് രണ്ടാം പകുതിയില്‍ നേടിയ ഇരട്ടഗോളുകളുടെ മികവില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു. ചിലെ ഗോളി ക്ലോഡിയോ ബ്രാവോയുടെ പിഴവില്‍നിന്നു തന്നെയായിരുന്നു പാനമയുടെ രണ്ടാം ഗോളും. അബ്ദിയേല്‍ അറോയ നേടിയ ഗോളിന് പാനമയുടെ പരാജയഭാരം കുറയ്ക്കാന്‍ മാത്രമേ ആയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha