അര്‍ജന്റീനയെ രക്ഷിക്കാന്‍ മെസിക്കായില്ല; ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക്

അര്‍ജന്റീനയുടെ രക്ഷകനാകാന്‍ മെസിക്കായില്ല. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തകര്‍ത്ത് കോപ്പയില്‍ ഇത്തവണയും ചിലി മുത്തമിട്ടു. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി. ഷൂട്ടൗട്ട് 4-2 ന് ചിലി സ്വന്തമാക്കി. അര്‍ജന്റീനയ്ക്കായി മെസിയും ബഗ്ലിയും പെനാല്‍റ്റി കിക്ക് പാഴാക്കി.
കോപ്പ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റിലും നിലനിര്‍ത്തിയ ചിലി, അക്ഷരാര്‍ഥത്തില്‍ രാജാക്കന്‍മാരായി. അതും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടമില്ലാതെ മടങ്ങാന്‍ വിധിക്കപ്പെട്ട ഫുട്‌ബോളിന്റെ രാജകുമാരന്‍ ലയണല്‍ മെസ്സിയെ സാക്ഷിനിര്‍ത്തി. മല്‍സരവേദിയും ഫലം നിര്‍ണയിച്ച രീതിയും സ്‌കോറും മാറിയെങ്കിലും പോരടിച്ച ടീമുകളും ഫലവും ആവര്‍ത്തിച്ചു. ചിലിയിലെ സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടില്‍ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്‌സിയില്‍ 4-2ന് ചിലി നിലനിര്‍ത്തി. ഷൂട്ടൗട്ടില്‍ പന്ത് പുറത്തേക്കടിച്ച ലയണല്‍ മെസ്സി ദുരന്തനായകനുമായി. മുഴുവന്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായിരുന്നില്ല. ബ്രസീലിന് ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി.
കിരീടമില്ലാത്ത രാജകുമാരനെന്ന മെസ്സിയുടെ പേരുദോഷം തുടര്‍ന്നപ്പോള്‍ 23 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മേജര്‍ കിരീടമെന്ന അര്‍ജന്റീനയുടെ സ്വപ്നം വീണ്ടും മറ്റൊരു ഫൈനലിന്റെ പടിക്കല്‍ വീണുടഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീന തോല്‍വി രുചിക്കുന്നത്. 2014ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അര്‍ജന്റീന, കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു.
ലാറ്റിനമേരിക്കന്‍ സൗന്ദര്യമെന്നതൊക്കെയൊരു സങ്കല്‍പമായി മാറുകയാണെന്ന വിശ്വാസത്തെ അരിക്കിട്ടുറപ്പിക്കുന്നതായിരുന്നു ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലെ കാഴ്ച. വന്‍കരയിലെ രണ്ടു പ്രമുഖ ശക്തികള്‍ മുഖാമുഖം വന്ന മല്‍സരം ശ്രദ്ധ നേടിയതു താരങ്ങളുടെ പരുക്കന്‍ അടവുകളിലൂടെയും റഫറിയുടെ മണ്ടന്‍ തീരുമാനങ്ങളിലൂടെയും. ആദ്യപകുതിയില്‍തന്നെ രണ്ടു ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുത്ത ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ്, 'മഞ്ഞക്കാര്‍ഡുകളിലൂടെയും' ശ്രദ്ധനേടി. ആദ്യ പകുതിയില്‍ അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.
ഗോളെന്നുറപ്പിക്കാവുന്ന മൂന്ന് അവസരങ്ങളാണ് മല്‍സരത്തിലാകെ പിറന്നത്. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കുമായി ലഭിച്ച മികച്ചതെന്ന് പറയാവുന്ന ഏക അവസരം തേടിയെത്തിയത് ഹിഗ്വയിനെ. സെമിയില്‍ യുഎസ്എയ്‌ക്കെതിരെ നേടിയ രണ്ടാം ഗോളിന് സമാനമായിരുന്നു ഹിഗ്വയിന് ലഭിച്ച അവസരം. അപ്പോള്‍ കളിക്ക് പ്രായം 23 മിനിറ്റ്. എതിര്‍ടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിന്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 28ാം മിനിറ്റില്‍ത്തന്നെ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അല്‍ഫോന്‍സോ ഡയസ് റോജാസ് പുറത്തുപോയതോടെ ചിലെ 10 പേരായി ചുരുങ്ങി. 43ാം മിനിറ്റില്‍ ചിലെ താരം വിദാലിനെ ഫൗള്‍ ചെയ്‌തെന്ന് കാട്ടി അര്‍ജന്റീന താരം മാര്‍ക്കോസ് ആല്‍ബര്‍ട്ടോ റോജോയ്ക്ക് റഫറി സ്‌െ്രെടറ്റ് ചുവപ്പുകാര്‍ഡ് നല്‍കിയതോടെ ഇരുടീമുകളിലും 10 പേര്‍വീതം.
രണ്ടാം പകുതിയില്‍ റഫറി 'നല്ല കുട്ടി'യായതോടെ കാര്‍ഡുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയില്‍ ആകെ വന്നത് രണ്ടുകാര്‍ഡുകള്‍. കളിയില്‍ പക്ഷേ കാര്യമായ വ്യത്യാസമൊന്നും വന്നില്ല. ചിലി പതിവുപോലെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിച്ചപ്പോള്‍ അപ്പുറത്ത് മെസ്സി പന്തുതൊട്ടപ്പോഴെല്ലാം ചിലെ താരങ്ങള്‍ കൂട്ടമായെത്തി പന്തുറാഞ്ചി. ഒടുവില്‍ 90 മിനിറ്റ് പിന്നിടുമ്പോഴും സമനിലക്കെട്ട് അതേപടി തുടര്‍ന്നതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്.
എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകള്‍ക്കും രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചു. 99ാം മിനിറ്റില്‍ ആദ്യ അവസരം വന്നത് ചിലിയുടെ വഴിക്ക്. പന്തുമായി കുതിച്ചെത്തി പുച്ച് നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ വര്‍ഗാസിന്റെ കിടിലന്‍ ഹെഡര്‍. പോസ്റ്റിലേക്ക് നീങ്ങിയ പന്ത് അര്‍ജന്റീന ഗോളി റൊമേരോ പറന്നു പിടിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ അതിലും മികച്ചൊരു അവസരം ലഭിച്ചു അര്‍ജന്റീനയ്ക്ക്. കോര്‍ണറില്‍ നിന്നുവന്ന പന്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ കിറുകൃത്യം ഹെഡര്‍. ക്രോസ്ബാറിന് തൊട്ടുതാഴേക്കൂടി വലയിലേക്ക് പതിക്കാനൊരുങ്ങിയ പന്തിനെ കുത്തിപ്പുറത്താക്കിയ ചിലെ ഗോളി ക്ലോഡിയോ ബ്രാവോയുടെ സേവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അശക്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha