ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ റോക്കറ്റുപോലെ കുതിച്ചുയര്‍ന്ന് ഇന്ത്യ

മലയാളിതാരങ്ങള്‍ ഊര്‍ജം പകര്‍ന്ന എന്‍ജിനുമായി ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ റോക്കറ്റുപോലെ കുതിച്ചുയര്‍ന്ന് ഇന്ത്യ. അത്‌ലറ്റിക്‌സിന്റെ അവസാന ദിവസം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യ നേടിയപ്പോള്‍ അതില്‍ ആറ് മലയാളികളുടെ വിയര്‍പ്പിന്റെ മുദ്ര പതിഞ്ഞിരുന്നു.
നേരത്തേ 800 മീറ്ററില്‍ വെള്ളി നേടിയിരുന്ന ജിന്‍സണ്‍ ജോണ്‍സണ്‍ ഇന്നലെ 1500 മീറ്ററില്‍ വാശിയോടെ ഓടി സ്വര്‍ണം ചൂടി. 3 മിനിട്ട് 44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്. മലയാളി താരം വി.കെ. വിസ്മയ അടങ്ങിയ വനിതകളുടെ 4ഃ400 മീറ്റര്‍ റിലേ ടീമിനായിരുന്നു രണ്ടാം സ്വര്‍ണം. 3 മിനിട്ട് 28.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യ ബഹറിനെ പിന്തള്ളിയാണ് പൊന്നണിഞ്ഞത്.
മലയാളി താരങ്ങളായ മുഹമ്മദ് അനസും കുഞ്ഞു മുഹമ്മദും ജിത്തു ബേബിയും അണിനിരന്ന പുരുഷ 4ഃ400 മീറ്റര്‍ റിലേ ടീം വെള്ളി നേടി. ഈ ഏഷ്യന്‍ ഗെയിംസില്‍ അനസിന്റെ മൂന്നാമത്തെ വെള്ളിയായിരുന്നു ഇത്. ഇറക്കുമതി ചെയ്ത ആഫ്രിക്കന്‍ താരങ്ങളുമായി മത്സരിച്ച ബഹറിനുമായി പടവെട്ടി പി.യു. ചിത്ര 1500 മീറ്ററില്‍ വെങ്കലം നേടി. ചിത്രയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. വനിതാ ഡിസ്‌കസ് ത്രോയില്‍ സീമാ പൂനിയയും വെങ്കലം നേടി.
അത്‌ലറ്റിക്‌സില്‍ നിന്ന് ഏഴു സ്വര്‍ണവും 10 വെള്ളിയും രണ്ട് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതില്‍ എട്ടെണ്ണത്തില്‍ മലയാളി താരങ്ങള്‍ സ്വന്തം പേരെഴുതിച്ചേര്‍ത്തു. ഇന്നലെ മലയാളി താരങ്ങളായ ദീപിക പള്ളിക്കലും സുനൈനയുമടങ്ങിയ ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീം സെമിയിലെത്തി മെഡലുറപ്പിച്ചു. 13 സ്വര്‍ണവും 21വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ എട്ടാംസ്ഥാനത്ത് തുടരുകയാണ്.
https://www.facebook.com/Malayalivartha























