വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ 181.1 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് ഒളിമ്പിക് മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. എട്ട് റൗണ്ടുകളുള്ള ഫൈനലിൽ നാലാം റൗണ്ടിലാണ് താരം പുറത്തായത്. അവസാന നിമിഷം വരെ മെഡൽ പോരാട്ടത്തിൽ സജീവമായി നിലനിന്നെങ്കിലും എലിമിനേഷൻ റൗണ്ടിൽ കൃത്യമായ സ്കോർ നിലനിർത്താനാകാതെ പോയതാണ് മനു ഭാക്കറിന് വിനയായി മാറിയത്.
ഫൈനലിൽ ആദ്യ റൗണ്ടിൽ 50.8 പോയിന്റ് നേടി താരത്തിന് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ബാക്കി രണ്ട് റൗണ്ടുകളും മികച്ച പ്രകടനം തുടർന്നെങ്കിലും നാലാം റൗണ്ടിൽ കാലിടറുകയായിരുന്നു. കടുത്ത പോരാട്ടം നടന്ന യോഗ്യതാ റൗണ്ടിൽ ചൂവിനും ജിയാങ്ങിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഭാക്കർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്. മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ചൂ ഗായുൻ 264.3 ഏഷ്യൻ ഗെയിംസ് റെക്കോഡ് പോയന്റോടെ സ്വർണം സ്വന്തമാക്കുകയും ചെയ്തു.
ചൈനയുടെ ഷെൻ യിയാവോ 241.3 പോയന്റോടെ വെള്ളിയും ജിയാങ് റാൻക്സിൻ 221.6 പോയന്റുമായി വെങ്കലവും നേടി. ചൈനീസ് തായ്‌പേയിയുടെ ചെങ് യെൻ-ചിംഗ് 200.7 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് തലനാരിഴക്ക് മെഡൽ നഷ്ടമായിരുന്നു. ഭാക്കറിനൊപ്പം ഇഷ സിങ്, സുരുചി ഇന്ദർ സിങ് എന്നിവരടങ്ങിയ സംഘം നാലാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഇഷ സിങ്ങിനും സുരുചി ഇന്ദർ സിങ്ങിനും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിക്കാനായി കഴിഞ്ഞിരുന്നില്ല.
അതേസമയം, ഇന്ത്യ ഷൂട്ടിങ്ങിൽ ഇതിനോടകം അഞ്ച് മെഡലുകൾ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ഹിമാംശു ധില്ലൺ വെള്ളി മെഡലും രുദ്രാങ്ക്ശ് പാട്ടീൽ വെങ്കല മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഹിമാംശുവും രുദ്രാങ്ക്ശും അടങ്ങിയ സംഘം ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു.
"
https://www.facebook.com/Malayalivartha
























