ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
വനിത ടി20 ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. മധുര സ്വദേശിനിയായ കമാലിനിയുടെ നേട്ടത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, തമിഴ്‌നാട് സർക്കാരിന്റെ സമ്മാനമായാണ് പാരിതോഷികം നൽകുന്നതെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ അറിയിക്കുകയും ചെയ്തു.
സ്വർണം നേടിയ ഇന്ത്യൻ ടീമിനും, ടീമിലെ അംഗമായ കമാലിനിക്കും വിജയ് അഭിനന്ദനം അറിയിക്കുകയായിരുന്നു. കമാലിനിയുടെ നേട്ടത്തെ ആദരിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിഭാധനരായ കായികതാരങ്ങൾക്ക് തമിഴ്‌നാട് സർക്കാർ തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കമാലിനിയുടെ വിജയം തമിഴ്‌നാട്ടിലെ യുവാക്കൾക്കും വനിതകൾക്കും പുതിയ പ്രചോദനവും ആത്മവിശ്വാസവും നൽകുമെന്നും കൂട്ടിച്ചേർത്ത് മുഖ്യമന്ത്രി . ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനായി കമാലിനിക്ക് ആശംസകളും അറിയിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ-ബാറ്ററാണ് കമാലിനി.
2024ലെ വനിതാ അണ്ടർ-19 ഏഷ്യ കപ്പിലും 2025ലെ അണ്ടർ-19 വനിതാ ടി20 ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ കമാലിനി പങ്കാളിയായിരുന്നു. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച താരം, 2025 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
അതേസമയം, ഏഷ്യൻ ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണ നേട്ടമാണിത്. 2022ലെ ഹാങ്ചോ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























