വൈഖരി – (ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി പുരസ്‌കാരം നേടിയ കഥ)

പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങള്‍ കണ്ടിട്ട്. കാലം തളര്‍ത്താത്ത കരുത്തോടെ ഓര്‍മ്മകളുടെ തിരകള്‍ മനസ്സിലേക്ക് അടിച്ചു കയറി. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. പക്ഷെ താളം തെറ്റിയ ഹൃദയത്തിന്റെ മിടിപ്പുകള്‍ ഇടിമുഴക്കം പോലെ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
ലഗ്ഗേജ് റാക്കിലെ പെട്ടിയില്‍ നിന്നും ക്യാമറ എടുത്തു വൈഖരി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് വിയര്‍ത്തു കുളിച്ച പാര്‍വതിയുടെ മുഖം ആണ്.
‘അമ്മേ..എന്താ ഇത് … വിഷമിക്കില്ല എന്നെനിക്ക് വാക്ക് തന്നത് കൊണ്ടല്ലേ നമ്മള്‍ ഈ യാത്രയ്‌കൊരുങ്ങിയത്?’
‘അതിനു ഞാന്‍ വിഷമിച്ചില്ലല്ലോ … ഭയങ്കര ചൂട്, അതാ ഇങ്ങനെ വിയര്‍ക്കുന്നെ.’
വിയര്‍പ്പിനോപ്പം ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചു പാര്‍വതി ചിരിച്ചു. ആ ചിരിയില്‍ ഒളിപ്പിച്ച വേദനയുടെ കടലാഴം കാണാനാവാതെ വൈഖരി അമ്മയെ ചേര്‍ത്ത് പിടിച്ചു അടുത്തിരുന്നു. സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ദേവഭൂമി ആയിരുന്ന തകര്‍ന്ന പട്ടണത്തിന്റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ ബസ്സ് അതിവേഗം ഓടിക്കൊണ്ടിരുന്നു.
ഉയര്‍ന്നു പൊങ്ങുന്ന പൊടിക്കപ്പുറം വെയില്‍ ഉരുകി വീഴുന്നു. അതിനുമപ്പുറം തിരയില്ലാത്ത കടല്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരിയേപ്പോലെ മയങ്ങിക്കിടന്നു.
വൈഖരിയുടെ തോളില്‍ ചാരി മെല്ലെ കണ്ണടച്ചു. മനസ്സില്‍ കാലത്തിന്റെ താളുകള്‍ ഒരോന്നായി മറിഞ്ഞു.
എം. ഏ. മലയാളം ക്ലാസ്സിന്റെ ആദ്യദിവസം. ജനാലക്കരികില്‍, കോളേജ് ഗ്രൌണ്ടില്‍ പൂത്തുലഞ്ഞ വാകമരങ്ങളും നോക്കി നില്‍ക്കുകയായിരുന്നു അനന്തന്‍.
‘ഈ വാകപ്പൂവുകള്‍ക്ക് കത്തുന്ന സൌന്ദര്യമാണല്ലേ?’
ഞെട്ടിത്തിരിഞ്ഞ അനന്തന്‍ തന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ തലകുലുക്കി.
പിന്നെ എപ്പോഴോ വാകമരത്തണലില്‍ കവിത ചൊല്ലിയിരുന്ന ഒരു പകലിലാണ് അവന്‍ എന്നോട് പറഞ്ഞത്,
‘പാറൂ, നിന്നെ ആദ്യം കണ്ട ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ചിരിക്കുമ്പോള്‍ മിന്നിമറയുന്നൊരു നുണക്കുഴി. ആത്മവിശ്വാസം ജ്വലിക്കുന്ന കണ്ണുകള്‍.’
ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങള്‍ക്കിടയില്‍, കട്ടിക്കണ്ണടക്കുള്ളില്‍ അവന്റെ കണ്ണുകള്‍ പലപ്പോഴും തിളങ്ങുന്നത് അറിഞ്ഞു. ക്ലാസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ സ്വകാര്യമായി പങ്കു വെക്കുന്ന പുഞ്ചിരികള്‍…റന്നു.
ഡിബേറ്റുകളില്‍ തന്റെ വാദമുഖങ്ങള്‍ ശക്തിയുക്തം വാദിച്ചു ജയിക്കുമ്പോള്‍ അവന്റെ നിശ്ശബ്ദ സാന്നിധ്യം എന്നും തന്റെ കരുത്തായിരുന്നു. നോട്ടുബുക്കിന്റെ താളുകളില്‍ താന്‍ കുറിച്ചുവെക്കുന്ന കവിതകളെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ വാടിപ്പോകുന്ന മുഖത്തു നോക്കി അവന്‍ പറയും,
‘പാറൂ, ഇങ്ങനെ എന്തെങ്കിലും എഴുതി നിന്റെ കഴിവുകള്‍ പാഴാക്കരുത്.’
പിന്നെ, എന്റെ കവിതകള്‍ തിരുത്തി അവന്‍ ഈണത്തില്‍ ചൊല്ലും.
അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ നിശ്ശബ്ദരായിരുന്നു. പൂത്തുലഞ്ഞ കൊന്നമരത്തിനു ചുവട്ടില്‍ മൌനത്തിനു കനം കൂടിയപ്പോള്‍ പാര്‍വ്വതി മെല്ലെ ചോദിച്ചു,
‘ഇനി ഞാന്‍ പൊക്കോട്ടേ?’
അനന്തന്‍ അന്നാദ്യമായി അവളുടെ കയ്യില്‍ മെല്ലെ പിടിച്ചു …
‘പാര്‍വ്വതീ … ഇനിയുള്ള കാലവും നമുക്ക് ഒന്നിച്ച് തന്നെ കഴിഞ്ഞുകൂടേ?’
നോട്ടുബുക്കില്‍ നിന്നു ചീന്തിയെടുത്ത ഒരു കടലാസ്സില്‍ വീട്ടിലേക്കുള്ള വഴി കുറിച്ചു കൊടുത്ത് യാത്ര പറഞ്ഞ് നടക്കുമ്പോഴും അനന്തന്‍ തന്നെയും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
മാര്‍ച്ചിന്റെ വേനല്‍പ്പൂവുകള്‍ നെറുകയില്‍ കൊഴിഞ്ഞു വീണു.
‘നല്ല ആളാണല്ലോ, ആദ്യരാത്രിയായിട്ട് ഞാന്‍ വരുന്നതിനു മുമ്പെ ഉറക്കമായോ?’
‘വായിച്ചു കിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല’ അനന്തന്‍ നിഷ്‌കളങ്കമായി ചിരിച്ചു.
വായിച്ചു കൊണ്ടിരുന്ന പുസ്തകം നെഞ്ചില്‍ നിന്നെടുത്ത്, കണ്ണട ഊരി മേശപ്പുറത്ത് വെച്ച് ജനാല തുറന്നു..
‘അനന്താ, നല്ല നിലാവ്… നമുക്ക് അല്പനേരം പുറത്തിരുന്നാലോ?’
വരാന്തയുടെ അരികില്‍ മച്ചിലേക്ക് പിടിച്ചു കെട്ടിയ മുല്ലവള്ളികളില്‍ പൂവിരിയുന്ന സുഗന്ധം.
ചേര്‍ത്തു പിടിക്കാന്‍ തുടങ്ങിയ അനന്തന്റെ കൈ തന്റെ കയ്യിലെടുത്തു.
‘അനന്താ, ഈ രാവില്‍ നിനക്കു ഞാന്‍ ഒന്നും തരില്ല. നാളെ നമുക്കൊരു സ്ഥലത്ത് പോകണം. കടലും മലയും കൈ കോര്‍ക്കുന്ന ഒരു ദേവഭൂമിയില്‍. അവിടെ കടലിന്റെ സംഗീതം കേട്ട് കിടക്കുമ്പോള്‍, കടല്‍ക്കാറ്റ് താരാട്ടിനെത്തുമ്പോള്‍ നിനക്ക് ഞാനെന്നെ തരും.’
‘അമ്മേ …..’
വൈഖരിയുടെ വിളികേട്ട് പാര്‍വതി ഓര്‍മയില്‍ നിന്നും ഉണര്‍ന്നു …
‘അതാ നോക്ക് അമ്മെ …ഒരു റെയില്‍വേ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍.. ബോര്‍!ഡ് ഇപ്പോഴും ഉണ്ട് .. ധനുഷ്‌ക്കൊടി…’
‘ഉം…..ഇതിപോള്‍ ധനുഷ്‌കോടി അല്ല.. ഒരു പ്രേത നഗരം..’ പാര്‍വതി പിന്നെയും ഓര്‍മ്മയുടെ തിരകളില്‍ വീണൊഴുകി..
കടകട ശബ്ദം മുഴക്കി ഓടുന്ന 653 നമ്പര്‍ പാസ്സഞ്ചര്‍ ട്രെയിന്‍. അതിലിരുന്നു അനന്തന്‍ തന്നോടു ജീവിതത്തെപറ്റിയും സ്‌നേഹത്തെപറ്റിയും ഒരുപാടു സംസാരിച്ചു അന്ന് .. പിന്നെ ഖലില്‍ ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം തുറന്നു അതില്‍ സ്‌നേഹത്തെപറ്റി പറഞ്ഞിരിക്കുന്നത് വായിച്ചു കേള്‍പ്പിച്ചു…
‘സ്‌നേഹത്തിന്റെപാത കടുത്തതും ദുര്‍ഘടവും ആണെങ്കിലും സ്‌നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങള്‍ പോവുക തന്നെ വേണം സ്‌നേഹത്ത്തിന്റെ ഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്.. നിങ്ങള്‍ അര്‍ഹാരാനെന്കില്‍ നിങ്ങളുടെ ഗതി സ്‌നേഹം നിയന്ത്രിച്ചു കൊള്ളും.’
ട്രെയിനിനു വേഗം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്പസമയത്തിനകം ഒരു കൊച്ചു സ്റ്റേഷനില്‍ കിതച്ചു കിതച്ചു വണ്ടി നിന്നു.
‘പാറൂ, സ്റ്റേഷനെത്തി… ഇറങ്ങണ്ടേ?’
കണ്ണു തിരുമ്മി പാര്‍വ്വതി പുറത്തേക്ക് നോക്കി. ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ഒരു സ്റ്റേഷന്‍. കൊളോണിയല്‍ രീതിയിലുള്ള ഒരു കൊച്ചു കെട്ടിടം.ബോര്‍ഡില്‍ നോക്കിയ പാര്‍വ്വതിയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
സ്റ്റേഷനു പുറത്ത് വല്ലപ്പോഴും വീണു കിട്ടുന്ന യാത്രക്കാരേയും കാത്തു കിടക്കുന്ന സൈക്കിള്‍ റിക്ഷകളും, കുതിരവണ്ടികളും.
‘അനന്താ, നമുക്കൊരു കുതിരവണ്ടിയില്‍ പോയാലോ?’
കടല്‍ക്കരയോട് ചേര്‍ന്ന് മണല്‍പ്പരപ്പിലൂടെയുള്ള റോഡ്. റോഡിന്റെ മറുവശത്ത് ചൂളമരങ്ങള്‍. ഓര്‍ത്തിരിക്കാത്ത നേരത്ത് അലറിപ്പാഞ്ഞ് റോഡരികിലോളം എത്തുന്ന തിരകള്‍.
കിന്നരിത്തൊപ്പി വെച്ച പാറാവുകാരന്‍ കാവല്‍ നില്‍ക്കുന്ന മനോഹരമായ ഒരു കെട്ടിടത്തിനു മുന്നില്‍ കുതിരവണ്ടി നിന്നു. ഹോട്ടലിലെ റിസപ്ഷിനിസ്റ്റിനോട് കടലിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങി.
ബാല്‍ക്കണിയില്‍ കടല്‍ക്കാറ്റിന്റെ കുളിര്. പുതച്ചിരുന്ന ഷാള്‍ രണ്ടുപേരുടേയും തോളിലൂടെ പുതച്ച്, ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.
‘ഈ അസ്തമയവും, നാളത്തെ പുലരിയും എനിക്ക് നിന്നോടൊപ്പം തന്നെ കാണണം.’
അനന്തന്‍ തന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ എന്തിനോ കണ്ണുകള്‍ നനഞ്ഞു.
തുറന്നിട്ട ജനാലയിലൂടെ കടല്‍ക്കാറ്റിനൊപ്പം കടന്നു വന്ന നിലാവ് തന്റെ നഗ്‌നതയില്‍ അലകളിളക്കി! മൂക്കിന്‍തുമ്പിലെ വിയര്‍പ്പൊപ്പിയ അനന്തന്റെ ചുണ്ടുകള്‍ പൊള്ളിച്ചു. ചരിഞ്ഞു കിടന്ന് അവനെന്റെ കണ്ണുകളിലേക്ക് നോക്കി … നാണം കണ്‍പോളകളില്‍ ചിത്രശലഭങ്ങളായി മുത്തമിട്ടു. നിറമാറുകളുടെ ചൂടില്‍ മുഖം പൂഴ്ത്തി വീണ്ടും കുസൃതി കാട്ടാന്‍ തുടങ്ങിയ അവന്റെ കൈകള്‍ കയ്യിലെടുത്തു.
‘അനന്താ, എനിക്കുറപ്പുണ്ട് … ഈ രാവ് നമുക്കൊരു സമ്മാനം തരും…’
‘ഉം?’
‘വൈഖരി …. നമ്മുടെ മോള്‍…’
‘മോളാണെന്ന് ഇത്ര ഉറപ്പാണോ?’ അവന്‍ ചിരിച്ചു.
‘അതേ … എനിക്കുറപ്പുണ്ട്’ താന്‍ ശുണ്ഠിക്കാരിയായി!
പിന്നെ അവന്റെ ചുണ്ടുകളില്‍ കനലെരിഞ്ഞത് ചുണ്ടുകള്‍ അറിഞ്ഞു.
രാവിലെ കൈകള്‍ കോര്‍ത്ത് പടികള്‍ ഓടിയിറങ്ങി വരുന്നതു കണ്ടപ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു,
‘സാര്‍, നല്ല കാറ്റുണ്ടായേക്കും എന്ന് പറയുന്നു, കടല്‍തിരത്തേക്കൊന്നും പോകാതിരിക്കുകയാവും നല്ലത്’
കടപ്പുറത്ത് പുലരിയുടെ ഈറന്‍കാറ്റ്. നീണ്ട്കിടക്കുന്ന പഞ്ചാരമണലിനെ തലോടി ശാന്തമായി കിടക്കുന്ന കടല്‍. പുതയുന്ന മണലില്‍ കാലടികള്‍
ചിത്രങ്ങളുണ്ടാക്കുന്നതും നോക്കി കൈകള്‍ കോര്‍ത്ത് മെല്ലെ നടന്നു. കാലടിശ്ബ്ദം കേട്ട് ചുവന്ന ഞണ്ടുകള്‍ മാളത്തില്‍ ഓടിയൊളിച്ചു.
ദൂരെ കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗന്ധമാദന പര്‍വ്വതം. അവിടേക്ക് പാര്‍വ്വതി കൈ ചൂണ്ടി.
‘അനന്താ, നീയെന്നേ അവിടെ കൊണ്ടു പോകുമോ?’
‘പിന്നേ …’
അല്പം വലിയൊരു തിര കാലടികളെ നനച്ച് തിരിച്ചു പോയി. കടലിറങ്ങിയ കരയില്‍ മനോഹരമായ ഒരു ശംഖ്. അനന്തന്‍ കണ്ണിലേക്ക് നോക്കി, പിന്നെ അതെടുക്കാനായി മുന്നോട്ട് നടന്നു. പൊടുന്നനെയാണ് ഒരു ഹുങ്കാരവം കേട്ടത് … കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് തൊട്ടു മുന്നില്‍ അലറിപ്പാഞ്ഞു വരുന്നൊരു തിര.
‘പാറൂ ഓടിക്കോളൂ …’ അലറിപ്പറഞ്ഞ് കൊണ്ട് അനന്തന്‍ തന്റെ നേര്‍ക്ക് ഓടി. കുറച്ച് മുന്നോട്ട് ഓടി തിരിഞ്ഞു നോക്കി… കടലിലേക്ക് തിരിച്ചു പോകുന്ന തിരയുടെ മുകളില്‍ ഒരു നിമിഷം അനന്തന്റെ കൈകള്‍ ഉയര്‍ന്നു താണു!
കണ്ണു തുറക്കുമ്പോള്‍ അലറിക്കരയുകയും, നെഞ്ചത്തടിക്കുകയും ഒക്കെ ചെയ്യുന്ന കുറെ മനുഷ്യരുടെ നടുവിലായിരുന്നു താന്‍. ചുറ്റും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പിഴുതെറിയപ്പെട്ട മരങ്ങളും … ഹോട്ടല്‍ നിന്ന സ്ഥാനത്ത് തകര്‍ന്നടിഞ്ഞൊരു ഇഷ്ടിക കൂമ്പാരം … ഒരു പ്രേതഭൂമി!
ഒരു കുലുക്കത്തോടെ ബസ് നിന്നു. ഒരു ചെറിയ ബസ് സ്റ്റഷന്‍. ബസ്സില്‍ ഉണ്ടായിരുന്ന ഏതാനം യാത്രക്കാര്‍ ഇറങ്ങി കഴിഞ്ഞു.
‘ബസ് ഇവിടെ വരെയേ ഉള്ളു’ കണ്ടക്റ്റര്‍ പറയുന്നത് കേട്ട് പുറത്തിറങ്ങി.
സ്റ്റേഷനു പുറത്ത് മുനമ്പിലേക്ക് പോകുന്ന ജീപ്പുകളുടെ നിര. കടല്‍തീരത്തുള്ള റോഡിലൂടെ ജീപ്പ് മുന്നോട്ട് പാഞ്ഞു. കടല്‍ വിഴുങ്ങിയ ട്രെയിന്‍ പോയ റെയില്‍പ്പാത മണല്‍മൂടി കിടക്കുന്നു. കുറെ ദൂരെ തകര്‍ന്ന പള്ളിയുടെ പൊട്ടിപ്പൊളിഞ്ഞ മിനാരങ്ങള്‍!
കടപ്പുറത്തെ വീതി കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
വെളുത്ത മണലിലൂടെ മോളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു. ദൂരെ കടലില്‍ തപസ്സു ചെയ്യുന്ന പര്‍വ്വതം കണ്ടപ്പോള്‍ നടപ്പ് നിര്‍ത്തി.
അനന്തതയിലേക്ക് നീളുന്ന മണല്‍ മുനമ്പ്. ഇരുവശത്തും കടലുകള്‍. ഒന്ന് ശാന്തമായി ചെറിയ അലകളുമായി തീരത്തെ തഴുകുമ്പോള്‍ മറുവശത്ത് എല്ലാം തല്ലിതകര്‍ക്കാനുള്ള ആസുര ഭാവത്തോടെ അലറിയെത്തുന്ന തിരകള്‍ നിറഞ്ഞ മറ്റൊരു കടല്‍. ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ക്കിടയിലാണ് താന്‍ നില്‍ക്കുന്നതെന്ന് പാര്‍വതിയ്ക്കു തോന്നി.
അവള്‍ ഓര്‍ത്തു.. തന്റെ ആഗ്രഹങ്ങള്‍ എപ്പോഴും സഫലമായി.. അത്രയും തീഷ്ണമായി അവയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്‌കൊണ്ടാവാം. തീരെ ചെറിയ കാര്യങ്ങള്‍ ആയാലും അതെങ്ങനെ ആയിത്തീരണം എന്ന് മനസ്സില്‍ ആദ്യം കാണുമായിരുന്നു .
അനന്തന്‍ പലപ്പോഴും കളിയാക്കി …
‘എന്തിനാണ് പാറു ഇത്ര തയ്യാറെടുപ്പുകള്‍ .. എനിക്ക് ചിന്തകളുടെ ഭാരം ചുമന്ന് അതിനു പിറകെ അലയാന്‍ വയ്യ. .ഒരുപാടു കണക്കുകള്‍ കൂട്ടി വെച്ചാല്‍ പിഴയ്ക്കുമ്പോള്‍ താങ്ങാനാവില്ല, കേട്ടോ.’
‘ഇല്ല, പിഴയ്കുന്ന കണക്കുകള്‍ ഞാനൊരിക്കലും കൂട്ടാറില്ല അനന്താ. നിനക്ക് കുറച്ചു കൂടി പോസിറ്റീവ് ആയി ചിന്തിച്ചു കൂടേ?’
‘ഹേയ്… അതല്ല പാറു.. അര നിമിഷം വേണ്ട ചിലപ്പോള്‍ ജീവിതം ഉലച്ചു കളയാന്‍. അല്ലെങ്കിലും ആകസ്മികതകളുടെ ആകെത്തുകയല്ലേ ജീവിതം..’
ഇല്ല എന്ന് പറഞ്ഞു എതിരെ നടക്കുമ്പോള്‍ അന്ന് മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായി.
പിന്നീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആഗ്രഹിച്ചിരുന്നതുപോലെ നിന്റെ വിരല്‍ തുമ്പും പിടിച്ചു ഈ കടല്‍ കരയില്‍ കൂടി നടന്നപ്പോള്‍ ജീവിതം നാം ആഗ്രഹിക്കുന്നപോലെ ആണെന്ന് ചെറുതായെങ്കിലും അഹങ്കരിച്ചിരുന്നു.
പക്ഷെ ഒരുനിമിഷംപോലും വേണ്ടി വന്നില്ല ആ ചിന്തകളെ ചുഴറ്റി എറിയാന്‍ ..
കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്റെയീ യാത്രയില്‍ എനിക്ക് കൂട്ട് കണ്ണീരുണങ്ങാത്ത ഓര്‍മ്മകളുടെ ഉപ്പുകാറ്റ് മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നൊ?
അനന്താ, കടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോള്‍ നീ കോണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ?
ഒരു ചെറുതിര വന്ന് കാലില്‍ തലോടി തിരിച്ചു പോയി.
‘അമ്മേ.. ഇവിടെയാണോ .. ?’
‘ഉം…’
മോളേ ചേര്‍ത്തു പിടിച്ചു.
‘അനന്താ, ഇതാ നിന്റെ … അല്ല നമ്മുടെ വൈഖരി.’
പാറിപ്പറക്കുന്ന മുടിയിഴകളില്‍ തഴുകി ഒരു കൊച്ചു തെന്നല്‍ ഞങ്ങളെ കടന്നുപോയി.. ഏതോ നിര്‍വൃതിയില്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു…
‘മോളേ നോക്ക്.. നിന്റെ അച്ഛന്‍ … എന്റെ അനന്തന്‍, അതാ…’
ഒരു നിഴല്‍ നടന്നു മറയുന്നപോലെ… എനിക്ക് തോന്നിയതാണോ.. അറിയില്ല……
ആ പ്രേത നഗരത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതോ കാലത്തെ അവശേഷിപ്പുകള്‍ പോലെ അവര്‍ പരസ്പരം നോക്കി നിന്നു..
https://www.facebook.com/Malayalivartha