ഒരു ജമൈക്കന്‍ യാത്ര

ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യമാണ് ജമൈക്ക. ഇവിടത്തെ മനോഹരമായ തീരങ്ങള്‍ കണ്ടാലും കണ്ടാലും മതിവരാത്തതാണ്.
കരീബിയന്‍ കടലില്‍ ഗ്രേറ്റര്‍ ആന്റിലീസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്‌ട്രമാണു ജമൈക്ക. കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളുടെ കൂട്ടത്തില്‍ ശരാശരിയില്‍ താഴെമാത്രം ധനസ്ഥിതിയുള്ള രാജ്യം. കിംഗ്‌സ്റ്റനാണു തലസ്ഥാനം. 10,991 ച.കി.മീ. ആണു വിസ്‌തൃതി. മുപ്പതു ലക്ഷത്തോളമാണു ജനസംഖ്യ. ദീര്‍ഘകാലം സ്‌പാനിഷ് കോളനിയായിരുന്നു. പിന്നീടു ബ്രിട്ടന്റെ നിയന്ത്രണത്തിലായി. 1962 ഓഗസ്റ്റ് ആറിനു സ്വാതന്ത്ര്യം നേടി. അമേരിക്കന്‍ മേഖലയിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്‌ട്രമാണിത്. മറ്റു കരീബിയന്‍ ദേശങ്ങളെപ്പോലെതന്നെ കരിമ്പ്, പഞ്ചസാര, പുകയിലക്കൃഷി, വിനോദസഞ്ചാരം എന്നിവയിലൂടെ ജീവിക്കാനുള്ള വകനേടുന്നു. 150. കി.മീ. വടക്കു കിടക്കുന്ന ക്യൂബയാണ് ഏറ്റവും സമീപസ്ഥ രാജ്യം.
ക്രിസ്‌തുവിന് 500 വര്‍ഷം മുമ്പെങ്കിലും തെക്കേ അമേരിക്കയില്‍ നിന്നു കുടിയേറിയ അരവാക് സംസാരിക്കുന്ന ടയ്‌നോകളാണു ജമൈക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍. അവര്‍ ഈ ദ്വീപിനെ സെയ്‌മക്ക എന്നാണു വിളിച്ചിരുന്നത്. അരുവികളുടെ നാട് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ വാക്കില്‍ നിന്നുമാണത്രെ ജമൈക്ക എന്ന പേരു രൂപം കൊണ്ടത്. 1494ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഇവിടെ കാലുകുത്തുകയും ദ്വീപ് സ്‌പെയിന്റേതാണെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. തന്റെ കുടുംബത്തിന്റെ സ്വകാര്യ എസ്റ്റേറ്റായി കൊളംബസ് ഈ ദ്വീപിനെ കണക്കാക്കി. 1655ല്‍ ബ്രിട്ടണ്‍, സ്‌പെയിനില്‍ നിന്ന് ഈ ദ്വീപു പിടിച്ചെടുത്തു. 1670ല്‍ സ്‌പെയിനുമായുണ്ടാക്കിയ ഉടമ്പടിയോടെ ബ്രിട്ടനു സമ്പൂര്‍ണ ഭരണാവകാശം ലഭിച്ചു. ബ്രിട്ടണ്‍ അടിമുടി ദ്വീപിനെ ഇംഗ്ലീഷ്‌വത്‌ക്കരിച്ചു. പതിനായിരക്കണക്കിന് അടിമകളെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിച്ച് അവര്‍ കരിമ്പുകൃഷി നടത്തി. 1820ല്‍ 77000 ടണ്‍ പഞ്ചസാര ഉത്‌പാദിപ്പിച്ചു ജമൈക്കെ ലോകത്തെ ഒന്നാമത്തെ പഞ്ചസാര ഉത്‌പാദകരായി. 1831ല്‍ ബാപ്‌റ്റിസ്റ്റ് യുദ്ധം എന്നറിയപ്പെട്ട കലാപം ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് പാര്‍ലമെണ്ട് ഇടപെട്ടു കോളനികളിലെ അടിമത്തം അവസാനിപ്പിച്ചു. 1865ല്‍ ജമൈക്കയെ ക്രൗണ്‍ കോളനിയായി ബ്രിട്ടണ്‍ പ്രഖ്യാപിച്ചു. പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയാണു സ്വാതന്ത്ര്യസമരങ്ങള്‍ക്കു നേതൃത്വം നല്‌കിയത്. 1943ല്‍ രൂപംകൊണ്ട ജമൈക്ക ലേബര്‍ പാര്‍ട്ടിയും ക്രമേണ ശക്തരായി. 1944ല്‍ സമ്പൂര്‍ണ വോട്ടവകാശം ലഭിച്ചതോടെ ബ്രിട്ടന്റെ സ്വാധീനം നാമമാത്രമായി. 1962ല്‍ ജമൈക്ക സ്വതന്ത്രമായി. അന്നുമുതല്‍ കോമണ്‍വെല്‍ത്തില്‍ തുടരുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ അലക്‌സാന്‍ഡര്‍ ബുസ്റ്റാമന്റെ ആദ്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടു ജെ.എല്‍.പി, പി.എന്‍.പി പാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വന്നു.
രാഷ്‌ട്രീയം
കോമണ്‍വെല്‍ത്തിലെ അംഗമായതിനാല്‍ ബ്രിട്ടീഷ് രാജ്ഞിയാണു ജമൈക്കന്‍ രാഷ്‌ട്രത്തലവന്‍. രാജ്ഞി തന്റെ പ്രതിനിധിയായി ഗവര്‍ണര്‍ ജനറലിനെ നിയമിക്കുന്നു. പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി നേതാവു പോര്‍ട്ടിയ സിംപ്‌സണ്‍ മില്ലറാണു നിലവിലെ പ്രധാനമന്ത്രി. പാട്രിക് അലന്‍ ഗവര്‍ണര്‍ ജനറലും.
പാര്‍ലമെണ്ടിനു രണ്ടു സഭകളുണ്ട്. ഹൗസ് ഓഫ് റെപ്രസന്ററ്റീവ്‌സും സെനറ്റും. ഹൗസ് ഓഫ് റെപ്രസന്ററ്റീവ്‌സില്‍ 60 അംഗങ്ങളുണ്ട്. ഇവരെ ജനം നേരിട്ടു തിരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണു കാലാവധി. ഇവരുടെ നേതാവിനെ പ്രധാനമന്ത്രിയായി ഗവര്‍ണര്‍ ജനറല്‍ നിയമിക്കുന്നു. പ്രധാനമന്ത്രിയാണു ഭരണത്തലവന്‍. സെനറ്റിലെ 21 അംഗങ്ങളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു.
മൂന്നു കൗണ്ടികളായി ഭരണമേഖല വിഭജിച്ചിരിക്കുന്നു. ഇവയെ 14 പാരിഷുകളായി തിരിച്ചിട്ടുണ്ട്.
ഭൂപ്രകൃതി
കരീബിയന്‍ കടലിലെ മൂന്നാമത്തെ വലിയദ്വീപും നാലാമത്തെ വലിയ രാജ്യവുമാണു ജമൈക്ക. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കടല്‍തീരത്താണ്. ഉഷ്‌ണമേഖലാ കാലാവസ്ഥയാണിവിടെ. ചൂടും ആര്‍ദ്രതയുമേറിയ അന്തരീക്ഷമാണു മിക്കപ്പോഴും. വേനല്‍കാലം മാറിയാല്‍ മഴ കോരിച്ചൊരിയുന്നു.
സമ്പദ്‌ഘടന
ജമൈക്കന്‍ സമ്പദ്‌മേഖല കാര്‍ഷികാടിത്തറയില്‍ നിന്നു സേവനാധിഷ്‌ഠിത രീതിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യവത്‌കരണം കൊണ്ടുപിടിച്ചു നടക്കുന്നു. ബാങ്കിംഗ്, ടൂറിസം എന്നിവയാണു പ്രധാന സേവനമേഖലകള്‍. മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 60 ശതമാനത്തിലധികം ഈ മേഖലകളില്‍ നിന്നാണ്. ബോക്‌സൈറ്റ് കയറ്റുമതിയിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha