കാലത്തിന്റെ മായാത്ത കയ്യൊപ്പുമായി വഡോദര

ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ഭൂകമ്പങ്ങളും കലാപങ്ങളും മഥിച്ച നഗരമാണിത്.
വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര ഒരുകാലത്ത് ഗെയ്ക്‌വാദ് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള അകോല മരക്കാടിന് സമീപം അങ്കോട്ടക എന്നൊരു സമൂഹം നിലനിന്നിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെനിന്നും ഒരു കിലോമീറ്റര്‍ കിഴക്കുമാറിയുള്ള വടവൃക്ഷങ്ങളുടെ നിബിഡ വനപ്രദേശം വടപദ്രക എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇവിടെനിന്നാണ് ഇന്നത്തെ വഡോദര പിറവിയെടുത്തത്. വഡോദര എന്ന പേര് വഡോദര്‍ എന്ന വാക്കില്‍നിന്നും വന്നുചേര്‍ന്നിട്ടുള്ളതാണ്. വഡോദര്‍ എന്നാല്‍ സംസ്കൃതത്തില്‍ വടവൃക്ഷങ്ങളുടെ ഉദരം എന്നാണര്‍ത്ഥം. ബ്രിട്ടീഷ് ഭരണകാലത്ത് ബറോഡ എന്ന് പേരുമാറ്റിയ ഈ നഗരം അടുത്തകാലത്ത് യഥാര്‍ത്ഥ പേര് വീണ്ടെടുത്ത് വീണ്ടും വഡോദരയായി മാറി.
വഡോദരക്ക് കുറുകെയൊഴുകുന്ന വിശ്വാമിത്രി നദി വഡോദരയെ കിഴക്കെന്നും പടിഞ്ഞാറെന്നും രണ്ടായി വിഭജിക്കുന്നു. പഴയ വഡോദര നഗരം സ്ഥിതി ചെയ്യുന്നത് വിശ്വമിത്രിക്ക് കിഴക്ക് ഭാഗത്താണ്. അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ വഡോദര നഗരം നദിയുടെ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.
ചാലൂക്യ വംശം, സോലാങ്കിമാര്‍, വഗേലമാര്‍, ഡല്‍ഹിയിലെയും ഗുജറാത്തിലെയും സുല്‍ത്താന്‍മാര്‍ എന്നിവരായിരുന്നു പത്താം നൂറ്റാണ്ടില്‍ വഡോദര ഭരിച്ചിരുന്നത്.മാറാത്ത ജനറല്‍ ആയിരുന്ന പിലാജി ഗെയ്ക്‌വാദ് ആണ് ഇന്ന് കാണുന്ന വഡോദര നഗരത്തിന്‍റെ അടിത്തറ പാകിയത്.സാമൂഹിക - സാമ്പത്തിക മേഖലയെ അടിമുടി പരിഷ്ക്കരിക്കാനും വന്‍തോതിലുള്ള വികസനം കൊണ്ടുവരാനും സായാജിറാവു മൂന്നാമന്‍റെ ഭരണത്തിന് കഴിഞ്ഞു. സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ അളവറ്റ പ്രോത്സാഹനമാണ് 'സന്‍സ്കാരി നഗരി' അഥവാ സാംസ്കാരിക നഗരം എന്ന വിശേഷണം നേടിയെടുക്കാന്‍ വഡോദരയെ സഹായിച്ചത്.
കലയുടെ നഗരം കൂടിയാണ് വഡോദര. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ കലാ പഠനകേന്ദ്രം, മഹാരാജാ സയാജി റാവു യൂണിവേഴ്‌സിറ്റി നഗരത്തിന്റെ അഭിമാനമാണ്.പാരമ്പര്യ വാസ്തുവിദ്യയുടെ ചാരുതയുള്ള കെട്ടിടങ്ങളാണ് യൂണിവേഴ്‌സിറ്റിയുടേത്. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്കകത്തു മാത്രമല്ല, മരച്ചുവട്ടിലും പുല്‍ത്തകിടിയിലുമെല്ലാം ക്ലാസുകളും ചിത്രം വരയും നടക്കുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വൈവിധ്യം പ്രകാശിപ്പിക്കുന്ന ക്യാമ്പസിലെ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും നല്ലൊരു പങ്ക് മലയാളികളാണ്.
വഡോദര മ്യൂസിയം.
ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള പെയ്ന്റിങ്ങുകളുടേയും ശില്‍പ്പങ്ങളുടേയും വിശാലമായ ശേഖരം ഇവിടെയുണ്ട്. കലാപ്രേമിയായിരുന്ന മഹാരാജാ സയാജി റാവു ഗെയ്ക്ക്‌വാദിന്റെ ഇച്ഛാശക്തിയാണ് ഈ മ്യൂസിയം യാഥാര്‍ത്ഥ്യമാക്കിയത്. 1887ല്‍ ആരംഭിച്ച മ്യൂസിയത്തിന്റെ കെട്ടിടം പണി 1894ലാണ് പൂര്‍ത്തിയായത്. 1921ല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. 80 രൂപയാണ് പ്രവേശന ഫീസ്. പക്ഷെ അകത്തേക്ക് ക്യാമറ കൊണ്ടു പോവാനാവില്ല. ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഗ്രീസ്, റോം, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രകാരന്‍മാരുടെയും ശില്‍പ്പികളുടേയും വിഖ്യാത സൃഷ്ടികള്‍ ഇവിടെയുണ്ട്. പ്രസിദ്ധമായ പല ശില്‍പ്പങ്ങളുടേയും അസ്സല്‍ പകര്‍പ്പുകളും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഒരു ഹാളില്‍ രവി വര്‍മ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശകുന്തളയും സഖിമാരും രാധാ മാധവം, മത്സ്യഗന്ധി, വിശ്വാമിത്രന്‍മേനക തുടങ്ങിയ രവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം വരച്ച ബറോഡയിലെ രാജാക്കന്‍മാരുടെ ഛായാചിത്രങ്ങളും ഇവിടെയുണ്ട്.
ഇതിനെല്ലാം പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊണ്ടുവന്ന പ്രാചീനമായ നാണയങ്ങള്‍, ഇന്ത്യയിലെ വിവിധ സംഗീതോപകരണങ്ങള്‍, കാല്‍ലക്ഷത്തോളം അപൂര്‍വ പുസ്തകങ്ങള്‍ എന്നിവയും മ്യൂസിയത്തില്‍ ഉണ്ട്.
നവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമാണ് വഡോദര നഗരം. പാട്ടും ആട്ടവും ദീപാലങ്കാരങ്ങളുമൊക്കെയായി വിപുലമായാണ് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗര്‍ഭ എന്ന ഗുജറാത്തി നൃത്തമാണ് നവരാത്രിയുടെ പ്രധാന സവിശേഷത. നവര്രാത്രി കാലത്ത് അര്‍ദ്ധരാത്രി വരെ രാസ്, ഗര്‍ഭ നൃത്തച്ചുവടുകളുടെ ലഹരിയിലായിരിക്കും വഡോദര നഗരം. നവരാത്രിക്ക് പുറമെ ദീപാവലി, ഉത്തരായന്‍, ഹോളി, ഈദ്, ഗുഡി പദുവ, ഗണേശ ചതുര്‍ത്ഥി തുടങ്ങിയ ആഘോഷങ്ങളും വഡോദരക്കാര്‍ വലിയ പ്രാധാന്യത്തോടെ കൊണ്ടാടുന്നു.
ലക്ഷ്മിവിലാസ് പാലസ്
അതുല്യ ശില്‍പ്പ ഭംഗിയുടെ പ്രതീകമായി 20 ഏക്കറില്‍ അധികം വരുന്ന കൊട്ടാരവളപ്പില്‍ തലയുയര്‍ത്തി നിൽക്കുന്ന ലക്ഷ്മിവിലാസ് പാലസ് മഹാരാജാ സയാജി റാവു ഗെയ്ക്ക്‌വാദിന്റെ കാലത്ത് നിർമിച്ചതാണ്. കൊട്ടാരത്തിന്റെ ഓരോ കോണിലും ബ്രിട്ടീഷ്ഇന്ത്യന്‍ വാസ്തുകലയുടെ വൈഭവം പ്രകടമാണ്. മനോഹരമായ ശില്‍പ്പങ്ങളും പെയിന്റിങ്ങുകളും ഏറെയുണ്ട്. ചിത്രകല പഠിക്കാനായി വഡോദരയില്‍ വന്ന രാജാ രവിവര്‍മ്മ രാജ കുടുംബത്തിന്റെ അതിഥിയായി താമസിച്ചത് ഈ കൊട്ടാരത്തിലായിരുന്നു.
രവിവര്‍മ്മ വരച്ച സരസ്വതിയുടെ എണ്ണഛായ ചിത്രം ഇവിടെയുണ്ട്. അക്കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയവും കാഴ്ചക്കുള്ള വക നല്‍കുന്നു. വാളും പരിചയും തോക്കും മഴുവും പടച്ചട്ടയുമെല്ലാം ഇതിലുണ്ട്. ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്ന ഈ കൊട്ടാരം സന്ദര്‍ശകരെ നിരാശരാക്കില്ല. 200 രൂപയാണ് ടിക്കറ്റു ചാർജ് .
കടിയ ദുങ്കാര്‍ ഗുഹകള്‍, ലക്ഷ്മി വിലാസ് പാലസ്, നാസര്‍ബൗഗ് പാലസ്, മകര്‍പുര പാലസ്, ശ്രീ അരബിന്ദോ നിവാസ്, അങ്കോട്ടക സായാജിബൗഗ്, സുര്‍സാഗര്‍ തലാവ്, ദബോയ്, ചോട്ടാ ഉദേപൂര്‍ തുടങ്ങിയവയെല്ലാം ചരിത്രപ്രാധാന്യം കൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. വടവന വെറ്റ്ലാന്‍ഡ്, ഇക്കോ ക്യാംപ്സൈറ്റ് എന്നീ പാര്‍ക്കുകളില്‍ വിരുന്നിനെത്തുന്ന ദേശാടന പക്ഷികള്‍ സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചയാണ്. മരപ്പണിയിലുള്ള വൈദഗ്ദ്ധ്യം കൊണ്ട് കാഴ്ചക്കാരെ വിസ്മയ്പ്പിക്കുന്ന സങ്കേത ആണ് വഡോദരയെ വ്യതസ്തമാക്കുന്ന മറ്റൊരു കാഴ്ച.
https://www.facebook.com/Malayalivartha