ആരെയും ആകർഷിക്കുന്ന ഡൽഹിയുടെ അഭിമാന സ്തംഭങ്ങൾ

ഇന്ത്യയുടെ തലസ്ഥാനമായ ഡല്ഹിയിലേക് നമുക്കൊരു യാത്ര പോകാം. ഡൽഹി എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന ചില ചിത്രങ്ങളുണ്ട്. പ്രൈമറി ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിൽ കണ്ടിട്ടുള്ള ഇന്ത്യ ഗേറ്റും റെഡ്‌ഫോർട്ടും ഒക്കെയാണ് നമ്മുടെ ഓർമകളിൽ ആദ്യം ഓടിയെത്തുക. എന്നാൽ സഞ്ചാരികൾക്കായി ബഹുവർണ്ണ കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് നമ്മുടെ തലസ്ഥാന നഗരി.
ലോട്ടസ് ടെംപിൾ
ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലോട്ടസ് ടെമ്പിള്‍. ലോട്ടസ് ടെമ്പിളിനേക്കുറിച്ച് കേള്‍ക്കാത്തവർ വിരളമായിരിക്കും. ബഹായി ഹൗസ് ഓഫ് വര്‍ഷിപ്പ് എന്നും ഇത് അറിയപ്പെടുന്നു. ലോട്ടസ് ടെമ്പിള്‍ കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്ന നിര്‍മ്മാണ വിസ്മയങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തും നിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും പഠനം നടത്താനും ഇവിടെ അവസരമുണ്ട് എന്നത് ഇവിടത്തെ മതസൗഹാർദ്ദത്തെ വിളിച്ചോതുന്നു. ഒന്‍പത് കവാടങ്ങളിലൂടെയും ഈ ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നെത്തുന്നത് ഒരു ഹാളിലേയ്ക്കാണ്. എല്ലാമതങ്ങളും ചെന്നെത്തുന്നത് ഒരേ ദൈവത്തിലേയ്ക്കാണ് എന്ന തത്വത്തിലധിഷ്ഠിതമാണ് ഇത്. ഇറാനിയന്‍ ശില്‍പ്പിയായ ഫരിബോര്‍സ് സാഹ്ബ (Fariborz Sahba) ആണ് ലോട്ടസ് ടെമ്പിളിന്റെ ശില്‍പ്പി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു താമരയുടെ ആകൃതിയിലുള്ള ഈ മന്ദിര നിര്‍മ്മാണത്തിന് നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.ദിവസേന പതിനായിരത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യ ഗേറ്റ്
ഡൽഹിയിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡൽഹി നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇന്ത്യ ഗേറ്റിന്റെ യഥാര്‍ത്ഥത്തിലുള്ള പേര്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചത് ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്. അമര്‍ ജവാന്‍ ജ്യോതി ഇതിനുള്ളിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
റെഡ് ഫോർട്ട്
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച വലിയ കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ട ഒരുകാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 2007ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു. കോട്ടയുടെ കിഴക്കുവശത്തുകൂടി യമുന നദി ഒഴുകുന്നു.
ജന്ദർ മന്ദർ
ഡൽഹി യാത്രയിൽ ഇവിടം കുടി കണ്ടുവെങ്കിലെ യാത്ര പൂര്ണമാകുകയുള്ളു എന്ന് വേണം പറയാൻ. ജന്തര്‍ മന്ദര്‍ ഡൽഹിയുടെ ഹൃദയഭാഗത് തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1724ലാണ് ഇത് പണികഴിപ്പിച്ചത്. മഹാരാജ ജെയ് സിങ് രണ്ടാമനായിരുന്നു ഇത് നിര്‍മ്മിച്ചത്. 13 ജ്യോതിഷ ഉപകരണങ്ങളാണ് ജന്തര്‍ മന്ദറിലെ പ്രധാന കാഴ്ച.
രാഷ്‌ട്രപതി ഭവൻ
ഇന്ത്യയുടെ അഭിമാനസ്തംഭമായ കെട്ടിടങ്ങളില്‍ ഒന്നാണ് രാഷ്ട്രപതി ഭവന്‍. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണിത്. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനു തന്നെയാണ്.ന്യൂ ദില്ലിയിലെ റെയ്‌സിന കുന്നില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. 1950വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയി ഭവനം എന്നും ഇത് അറിയപ്പെട്ടിരുന്നു.
ഖുത്തബ് മിനാര്‍
ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടിന് 14.3 മീറ്റര്‍ വ്യാസവും മുകള്‍ത്തട്ടിന് 2.75 മീറ്റര്‍ വ്യാസവുമാണുള്ളത്. ലോക പൈതൃക പട്ടികയിലെ ഇടം നേടിയിട്ടുള്ള ഒന്നാണിത്.
https://www.facebook.com/Malayalivartha