കൊല്ലം കോർപറേഷനിലെ നഗരത്തിരക്കിൽ പച്ചക്കുട നിവർത്തി നിൽക്കുന്ന വാളത്തുംഗൽ കാവ്.. നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത കിളികളും വംശനാശ ഭീഷണിയിലായ മൃഗങ്ങളും ഔഷധ സസ്യങ്ങളും, കുളവുമെല്ലാം ചേർന്ന് അപൂർവ്വചാരുത ഒരുക്കുന്ന പച്ചത്തുരുത്ത് .. ഈ അപൂർവ കാഴ്ചയെ കുറിച്ച് അഡ്വ. ദീപി കൃഷണൻ
കൊല്ലം കോർപറേഷനിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ വന്മരങ്ങളും,കാട്ടുവള്ളിപടർപ്പുകളും പച്ചപ്പ് ഒരുക്കി പരിസ്ഥിതിയും,ആരാധനയും സമന്വയിക്കുന്ന കൊല്ലത്തിന്റെ "ഇരിങ്ങോൾക്കാവ്"എന്ന് അറിയപ്പെടുന്ന "വാളത്തുംഗൽ കാവ് " എന്ന അതിമനോഹരമായ വനദുർഗ്ഗാ ക്ഷേത്രത്തെ പരിചയപ്പെടുത്തുകയാണ് അഡ്വ. ദീപി കൃഷണൻ. രണ്ടരനൂറ്റാണ്ടോളം പഴക്കമുള്ള കാവിനെ പറ്റി ചുറ്റുമുള്ളവർക്കു പോലും അധികമൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം .കൊല്ലം നഗരപരിധിയിൽ, മൂന്നരയേക്കറോളം വലുപ്പത്തിലുള്ള ‘പച്ചത്തുരുത്ത്’ പോലെ കിടക്കുന്ന ഇവിടുത്തെ ഏറ്റവും ആകർഷണീയത ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മരം ആണ് . കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ്. നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നുണ്ട്
ശാകുന്തളത്തിൽ മുറിവു പറ്റിയ മാൻപേടയ്ക്ക് ‘ഓടലെണ്ണ’ തടവിക്കൊടുക്കുന്നശകുന്തളയെക്കുറിച്ച്ചൊരു പരാമർശമുണ്ട് . ഓടലെണ്ണ ഉൽപാദിപ്പിക്കുന്ന അപൂർവയിനം കറുത്ത ഓടൽമരം ഈ കാവിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ‘
'വനദുർഗ്ഗ' പ്രതിഷ്ഠാ സങ്കൽപ്പത്തിൽ നിലകൊള്ളുന്ന കാവിന്റെ തണലിൽ പക്ഷികളും,ചിത്രശലഭങ്ങളും,ഉരഗങ്ങളും സസ്തനികളും ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകളാവുന്നു. വംശനാശ ഭീഷണിയിലായ മൃഗങ്ങളും വിവിധ തരത്തിലുള്ള മരങ്ങളും,ഔഷധ സസ്യങ്ങളും,കുളവും ,വവ്വാൽക്കൂട്ടങ്ങളും,നാനാജാതി പക്ഷികളും,പുൽച്ചാടികളും ചേർന്ന് ചെറുതല്ലാത്ത ഒരു ആവാസവ്യവസ്ഥ ഇവിടെ ഒരുക്കുന്നുണ്ട്.
കാവിനുള്ളിലെ നടപ്പാതയ്ക്ക് ഇരുവശവും വൻവൃക്ഷങ്ങൾ അതിര് തീർക്കുന്നു. പെയ്ത്തു മഴയുടെ സംഭരണ കേന്ദ്രമായ ഇവിടെ ചെറിയ ചതുപ്പുകൾ പോലുള്ള ജലസംഭരണിയുമുണ്ട്.
വിശ്വാസത്തോടൊപ്പം പ്രകൃതി സംരക്ഷണവും,വൃക്ഷവൈവിധ്യവും, ജീവജാലങ്ങളുടെ വൈവിധ്യതയും ഈ കാവിന്റെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ മലബാറിൽ നിന്ന് കുടിയേറിയ കുടുംബമാണ് കാവ് സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്തു സാമൂതിരിയുടെ സാമന്തന്മാരായ ഗ്രാമത്തലവന്മാരിൽ ചിലർ സ്വന്തമായുള്ളതെല്ലാം കെട്ടിപ്പെറുക്കി വീട്ടുകാർക്കും ആശ്രിതർക്കും ഒപ്പം തിരുവിതാംകൂറിലേക്കു തിരിക്കുകയായിരുന്നു. പലായനത്തിനിടെ സ്വയരക്ഷയ്ക്കായി കൊണ്ടു വന്ന വാളുകൾ കൂട്ടിയിട്ടിരുന്ന സ്ഥലം എന്നതിൽ നിന്നാണ് വാളത്തുംഗൽ എന്ന് പേര് വന്നത് എന്നതാണ് ഐതിഹ്യം . വാളേറാംകാവ്, ചേരൂർ കാവ് എന്ന പേരിലെല്ലാം ഈ കാവ് അറിയപ്പെടുന്നുണ്ട്
കുലദേവതയുടെ ചൈതന്യം ഒപ്പം ആവാഹിച്ചു കൊണ്ടുവന്ന അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പ്രതിഷ്ഠ നടത്തുകയായിരുന്നു എന്നാണു പറയുന്നത് . വലിയ ഒരു പ്രദേശം മുഴുവൻ ഇവർ കാടും കാവുമായി കാത്തുരക്ഷിച്ചു പോന്നു. നാടു വിട്ട് ഓടിയെത്തിയ പൂർവികർ അവർക്കൊപ്പം കൊണ്ടുവന്നത് സമ്പത്തും പരദേവതാ ചൈത്യന്യവും മാത്രമായിരുന്നില്ല. അപൂർവമായ ഔഷധച്ചെടികളും വൃക്ഷത്തൈകളും വിത്തുകളും ഒക്കെ ആയിരുന്നു . പുതിയൊരിടത്തേക്ക് പറിച്ചുനടപ്പെട്ടപ്പോൾ പോലും പ്രകൃതിയെ കൂടെക്കൂട്ടാൻ മടിക്കാത്തവർ നട്ടു വളർത്തിയതാണ് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്ന ഈ പച്ചത്തുരുത്ത് . മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് ഒരു പുൽക്കൊടിപോലും ആരും പിഴുതുമാറ്റാറില്ലത്രേ .
നഗരപരിധിയിൽ ഇരവിപുരത്തിനു സമീപത്തു ഇത്രയുമധികം സ്ഥലത്ത് ജൈവവൈവിധ്യത്തിന്റെ കലവറയായി ഈ പച്ചത്തുരുത്ത് സംരക്ഷിക്കപ്പെടുന്നത് അപൂർവ കാഴ്ചയാണെന്നാണ് അഡ്വ. ദീപി കൃഷണൻ പറയുന്നത്
https://www.facebook.com/Malayalivartha