പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി

പതിനൊന്നുകാരിയെ വീട്ടിനുള്ളിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഭവാനീപൂരിലാണ് സംഭവം. പുറത്ത് പോയി വീട്ടില്‍ മടങ്ങിയെത്തിയ രണ്ടാനമ്മയാണ് അലമാരയിലെ ഹാംഗറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ മാതാപിതാക്കളെ ആക്രമിച്ചു. നാട്ടുകാര്‍ പ്രകോപിതരായതോടെ പ്രദേശത്താകെ സംഘര്‍ഷമുണ്ടായി. കുട്ടിയുടെ പിതാവ് ഭോലാ സിംഗ്, രണ്ടാനമ്മ പൂജ എന്നിവരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഇരുവരും കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കുട്ടിയുടെ മരണത്തിന് കാരണക്കാരെന്നാരോപിച്ചാണ് ഇവരെ പൊതിരെ തല്ലിയത്. പൂജയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ കൈയ്യില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ആര്‍ജികാര്‍ ബലാത്സംഗകേസ് പ്രതി സഞ്ചയ് റോയിയുടെ അനന്തരവളാണ് മരണപ്പെട്ട അഞ്ചാം ക്ലാസുകാരി സുരഞ്ജന. സഞ്ജയ് റോയിയുടെ മൂത്ത സഹോദരി ബബിതയെ ഭോല നേരത്തെ വിവാഹം കഴിച്ചിരുന്നെന്നും ഇവരുടെ ഏക മകളാണ് സുരഞ്ജനയെന്നും പൊലീസ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബബിത ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ബബിതയുടെ ഇളയ സഹോദരി പൂജയെ ഭോല വിവാഹം ചെയ്തത്.
'പലപ്പോഴും പുലര്‍ച്ചെ രണ്ട് മണിക്കെല്ലാം കുട്ടിയെ വീടിന് പുറത്താക്കുമായിരുന്നു, മാതാപിതാക്കളുടെ മോശം പെരുമാറ്റം കുട്ടിയെ വേദനിപ്പിച്ചിരുന്നു'' നാട്ടുകാര്‍ പറയുന്നു. മാതാപിതാക്കള്‍ ബെല്‍റ്റ് ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുകയും തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തിരുന്നെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി ആരോപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് സൂചനയെന്നും കൊലപാതകത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറയുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കുമായി കാത്തിരിക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha