കടലാസ് കപ്പില്‍ പച്ചക്കറിത്തൈകള്‍

വിവാഹസത്കാരങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പര്‍ കപ്പുകള്‍ പ്രയോജനപ്പെടുത്തി പച്ചക്കറി തൈകള്‍ കരുത്തുറ്റതാക്കാം.
കുറഞ്ഞ ദിവസം മാത്രം വളര്‍ത്തേണ്ട തൈകളാണ് കടലാസ് പാത്രത്തിലേക്ക് ഉചിതമായത്. പാവല്‍, പടവലം, പച്ചമുളക്, വഴുതിന, തക്കാളി, വെണ്ട, പപ്പായ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുളപ്പിച്ച തൈകള്‍ മണ്ണിലേക്ക് മാറ്റുമ്പോള്‍ പാത്രത്തോടൊപ്പംതന്നെ നടാമെന്നതാണ് വലിയനേട്ടം. ആറോ ഏഴോ ദിവസം കൊണ്ട് പാത്രം നനവുമൂലം കുതിര്‍ന്നുപോകുന്നതിനാല്‍ വേരുപടലം സുഖമായി മണ്ണിലേക്കിറങ്ങും. പാത്രം മാറ്റുമ്പോള്‍ മണ്ണിളകി വേരറ്റുപോകുന്നതുമൂലം ചെടികള്‍ക്കുണ്ടാകുന്ന തളര്‍ച്ച ഇങ്ങനെ ഒഴിവാക്കിയെടുക്കാം.
പാത്രത്തില്‍ നിന്ന് പുറത്തെടുക്കാതെ നടുന്നതിനാല്‍ കുറഞ്ഞ അളവില്‍ പോട്ടിങ് മിശ്രിതം ഉപയോഗിച്ചാല്‍ മതിയാകുമെന്നൊരു മേന്മയുമുണ്ട്. വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ടുമുളപ്പിക്കുമ്പോള്‍ ഉറുമ്പും മറ്റും തിന്നുനശിപ്പിക്കുന്നത് സര്‍വസാധാരണമാണ്. വിത്തുകള്‍ക്കുള്ള ഇത്തരം നാശം ഒഴിവാക്കാനും നശിച്ചവയ്ക്ക് പകരംവെക്കാനും പാത്രത്തില്‍ വിത്തുപാകുന്നത് സഹായിക്കും. കൂടുതല്‍ തൈകള്‍ വളര്‍ത്തി കരുത്തുറ്റവ മാത്രം വളര്‍ത്തുന്ന നിര്‍ധാരണ രീതിക്കും ഇത് ഉപകരിക്കുന്നു. മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി വേണം വിത്തു പാകുന്നത്. മണല്‍ ലഭ്യമല്ലെങ്കില്‍ മണ്ണ് ഒലിച്ചിറങ്ങുന്നിടങ്ങളിലെ തരിമണ്ണ് ഉപയോഗപ്പെടുത്താം. നനച്ചോ കിഴികെട്ടിയോ മുളച്ച വിത്തുകള്‍ കപ്പില്‍ പാകുന്നതാണ് ഉചിതം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രമേ നനയ്ക്കാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























