പഴങ്ങളുടെ റാണിയായ മാങ്കോസ്റ്റിന്‍

സ്വാദിഷ്ടമായതും ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയതുമായ ഒരു ഫലവര്‍ഗമാണ് മാങ്കോസ്റ്റിന്‍. മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഈ വിള ഇന്ത്യയില്‍ കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലും കേരളത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലും കൃഷിചെയ്യുന്നുണ്ട്. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ഈ വിളയ്ക്ക് അനുയോജ്യമാണ്. സമുദ്രനിരപ്പില്‍നിന്ന് 1000 മുതല്‍ 3000 അടി ഉയരംവരെ ചെടി നന്നായി വളരും. മികച്ചൊരു ഫലവൃക്ഷമെന്ന നിലയില്‍ കേരളത്തിലെ പുരയിടകൃഷിക്ക് യോജിച്ച ഫലവൃക്ഷമാണിത്.
വിത്തുകള്‍ മുളപ്പിച്ചും പതിവച്ചും, മുകുളനംവഴിയും ഗ്രാഫ്റ്റിങ് വഴിയും തൈകള്‍ തയ്യാറാക്കാം. ഒട്ടുതൈകള്‍ ആറുമാസംകൊണ്ട് നടാന്‍ തയ്യാറാകും. 60 - 60 -60 സെ. മീ. ക്രമത്തില്‍ കുഴികളെടുത്ത് 10 കി.ഗ്രാം ഉണക്ക് ചാണകപ്പൊടി, ഒരുകി. ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ മേല്‍മണ്ണുമായി കൂട്ടിച്ചേര്‍ത്ത് കുഴികള്‍ നിറയ്ക്കണം. ഇങ്ങനെ തയ്യാറാക്കിയ കുഴികളില്‍ തൈകള്‍ നടാം. ഒട്ടുതൈകള്‍ നടുമ്പോള്‍ താങ്ങുകാല്‍ കൊടുത്ത് തൈ കെട്ടിവയ്ക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. വേനല്‍ക്കാലത്ത് ജൈവവസ്തുക്കള്‍ ഉപയോഗിച്ച് തടം പുതയിട്ട് ചെടിക്ക് തണല്‍ കൊടുക്കണം. ആഴ്ചയില്‍ രണ്ടുതവണ ജലസേചനം നടത്തണം.
കാലവര്‍ഷാരംഭത്തിനു മുമ്പ് ജൈവവളങ്ങളായ വേപ്പിന്‍പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, ഉണക്ക് ചാണകപ്പൊടി ഇവയിലേതെങ്കിലും കൂട്ടിച്ചേര്‍ത്ത് 15 കി.ഗ്രാം തടത്തില്‍ വിതറി മുകളില്‍ മണ്ണു വിതറണം. തടം തുറക്കുകയോ, കിളയ്ക്കുകയോ ചെയ്യരുത്. ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ജൈവവളത്തിന്റെ തോത് കൂട്ടിക്കൊടുക്കണം. പൂവിടുന്ന സമയത്തും വിളവെടുപ്പു കഴിഞ്ഞും 550 ഗ്രാം യൂറിയ, 2.5 കി.ഗ്രാം രാജ്‌ഫോസ് എന്നിവയും ചേര്‍ത്തുകൊടുക്കണം. ജൂണ്‍ആഗസ്ത്, ജനുവരിഫെബ്രുവരി മാസങ്ങളിലാണ് ചെടികള്‍ കൂടുതല്‍ വളരുന്നത്. തണ്ടുകള്‍ വളരാറില്ല. ഒട്ടുതൈകള്‍ 67 വര്‍ഷത്തിനകവും തൈകള്‍ 1015 വര്‍ഷത്തിനകവും കായ്ച്ചുതുടങ്ങും.
സാധാരണയായി ഡിസംബര്‍ജനുവരി മാസങ്ങളിലാണ് മാങ്കോസ്റ്റിന്‍ പൂവിടുന്നത്. പൂമൊട്ട് കാണുന്നതുമുതല്‍ ഒരുമാസം കഴിഞ്ഞ് പൂക്കള്‍ വിരിയും. പുതിയതും പഴയതുമായ തണ്ടുകളില്‍ പൂക്കള്‍ കാണും. കായപിടുത്തമുണ്ടായി ഒരുമാസത്തിനകം കായ പൊഴിച്ചില്‍ കാണാം. 40 ശതമാനത്തോളം ഇങ്ങനെ നശിക്കാറുണ്ട്. നന്നായി ജലസേചനം നടത്തുകവഴി ഇത് നിയന്ത്രിക്കാന്‍കഴിയും. കായ്കള്‍ക്ക് ക്രിക്കറ്റ് പന്തിനോളം വലുപ്പം കാണും. 90100 ദിവസത്തിനകം വിളവെടുപ്പിനു പാകമാകും. പുറംതോടിന് പര്‍പ്പിള്‍നിറമാണ് അപ്പോള്‍ കാണുക. നല്ല വളര്‍ച്ചയെത്തിയ ചെടിയില്‍നിന്ന് 200300 കായകളില്‍ തുടങ്ങി 50 വര്‍ഷമായ ചെടിയില്‍നിന്ന് 12001500 കായവരെ ലഭിക്കും. വിളവെടുത്ത കായ്കള്‍ രണ്ടുദിവസംകൊണ്ട് ഭക്ഷ്യയോഗ്യമാകും. ദാഹശമനിയായും ഫ്രൂട്ട്‌സലാഡില്‍ ചേര്‍ക്കുന്നതിനും സ്‌ക്വാഷ് ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കാം. കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടത്ര അറിവ് ഈ വിളയെക്കുറിച്ച് ലഭ്യമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























