വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി കേരളത്തില്‍

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി ആരംഭിച്ചപ്പോള്‍ അതിനു മുന്നിട്ടിറങ്ങിയ തമിഴ്‌നാടും കര്‍ണാടകയും ഈ രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച നേടിക്കഴിഞ്ഞു. ബാംഗ്ലൂരിലെ ഫാമുകളില്‍ വിടരുന്ന പൂക്കളുടെ മുപ്പതു ശതമാനവും വാങ്ങി ഉപയോഗിക്കുന്ന കേരളത്തില്‍ ഇന്നും വാണിജ്യ പുഷ്പ കൃഷിയെ കൃഷി വകുപ്പും ഗവേഷകരുമെല്ലാം പുതിയ സംരംഭമായാണ് കാണുന്നത്.
തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് കൂര്‍ക്കമറ്റം വലിയ തറയില്‍ വര്‍ഗീസ് ഫിലിപ്പ് സ്വന്തം പുരയിടത്തില്‍ ആറായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുളള പോളി ഹൗസ് ഒരുക്കിയത് കേരളത്തിന്റെ പുഷ്പ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടാണ്.
നാലായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള ഒറ്റ പോളി ഹൗസിനുളളില്‍ റോസും ആയിരം ചതുരശ്ര മീറ്റര്‍ വരുന്ന രണ്ട് പോളി ഹൗസുകളിലായി ജര്‍ബറയുമാണ് കൃഷി ചെയ്യുന്നത്.
ഏകദേശം ഒന്നേകാല്‍ കോടി രൂപ മുതല്‍മുടക്കില്‍ ഫെര്‍ട്ടിഗേഷന്‍, ഫോഗിങ്, കൂള്‍ ചേമ്പര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാമൊരുക്കി ഒരു വര്‍ഷം മുമ്പു മാത്രം തുടങ്ങിയതാണ് ഈ പോളി ഹൗസ്. ഇപ്പോള്‍ നാല്‍പതിനായിരം റോസാച്ചെടികളും ഇരുപതിനായിരം ജര്‍ബറച്ചെടികളുമാണ് അദ്ദേഹത്തിന്റെ പോളി ഹൗസിലുള്ളത്.കേരളത്തിലെ മിക്ക സ്ഥലങ്ങളിലെയും കാലാവസ്ഥ പുഷ്പ കൃഷിക്ക് ഇണങ്ങുന്നതല്ല എന്ന പൊതു ധാരണ തെറ്റാണെന്ന് വര്‍ഗീസ് തിരുത്തുന്നു
ഒരു ജര്‍ബറച്ചെടി മൂന്നു വര്‍ഷത്തേക്കാണ് ആദായം നല്‍കുകയെങ്കില്‍ റോസിന്റെ ആദായം ഏഴു വര്‍ഷം വരെ നീളും. ഒരു ജര്‍ബറ തൈ വാങ്ങി നട്ടു വരുമ്പോഴേക്കും 50 രൂപ ചെലവ് വരും. റോസിന് പത്തു രൂപയും.
ഒരു ചതുരശ്ര മീറ്ററില്‍ പത്തു ചെടിവരെ നടാം. അതായത്, ആയിരം ചതുരശ്രമീറ്റര്‍ പോളി ഹൗസില്‍ പതിനായിരം ചെടികള്‍. ജര്‍ബറയില്‍ നിന്ന് മൂന്നാം മാസം മുതലും റോസില്‍ നിന്ന് ആറാം മാസം മുതലും പൂക്കള്‍ ശേഖരിച്ചു തുടങ്ങി. ഒരു ജര്‍ബറ ചെടിയില്‍ നിന്ന് ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 50 പൂക്കള്‍ ലഭിക്കും.
പൂവൊന്നിന് ശരാശരി വില മൂന്നു രൂപ. വര്‍ഷം ഒരു ചെടിയില്‍ നിന്ന് 150 രൂപ എന്നു കണക്കാക്കിയാല്‍ പോലും ആയിരം ചതുരശ്ര മീറ്ററിലെ പതിനായിരം ചെടികളില്‍ നിന്നു വര്‍ഷം പതിനഞ്ച് ലക്ഷം രൂപ ചുരുങ്ങിയത് വരുമാനം.
ഏക്കറിന് മുന്നൂറു കിലോ കണക്കാക്കി കുമ്മായം ചേര്‍ത്ത് മണ്ണ് ഉഴുതു മറിച്ചു. ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും വെളളം സംഭരിച്ചു നിര്‍ത്താനുതകുന്ന ചകിരിച്ചോറും ചെടികളുടെ വേരുകള്‍ക്ക് അനായാസം സഞ്ചരിക്കാനായി മണ്ണിനിളക്കം നല്‍കാന്‍ നെല്ലിന്റെ ഉമിയും ചേര്‍ത്തു തട (ബെഡ്ഡ്) ങ്ങള്‍ തയാറാക്കി. കുമിള്‍ ബാധയെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു ലീറ്റര്‍ വെളളത്തില്‍ 35 മി. ലീറ്റര്‍ എന്ന കണക്കില്‍ തടത്തിലൊഴിച്ചു.തടം തയാറാക്കുമ്പോള്‍ ജര്‍ബറയ്ക്കു ചേര്‍ക്കുന്നതിന്റെ നാലിരട്ടി വളം റോസിനു ചേര്‍ക്കും.
വിപണനമാര്‍ഗം ഉറപ്പാക്കിയശേഷമേ കൃഷിക്കിറങ്ങാവൂ എന്നു വര്‍ഗീസ് ഓര്‍മിപ്പിക്കുന്നു. പുഷ്പാലങ്കാരങ്ങള്‍ ചെയ്യുന്നവര്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവരുമായുളള സഖ്യത്തിലൂടെ സ്ഥിര വിപണി ഉറപ്പാക്കണം.
പുഷ്പാലങ്കാരങ്ങളിലെ പൂക്കള്‍ വളരെ വേഗം വാടിപ്പോകാതിരിക്കാന്‍ പൂക്കള്‍ കുത്തിവയ്ക്കുന്ന ഫ്ളോറല്‍ ഫോം ബക്കറ്റിലെ വെളളത്തില്‍ സാവധാനം കുതിര്‍ന്ന് മുങ്ങാന്‍ സമയം നല്‍കണം. വേഗത്തില്‍ മുക്കിപ്പൊക്കിയെടുക്കുന്ന ഫോമിന്റെ പുറം നന്നായി നനഞ്ഞിരിക്കുമെങ്കിലും ഉളളില്‍ ധാരാളം വെളളമെത്താത്ത വായു അറകള്‍ ഉണ്ടാവും. ഇതില്‍ കുത്തിവയ്ക്കുന്ന പൂന്തണ്ടുകള്‍ വെളളം കിട്ടാതെ വാടും.പൂന്തണ്ട് ഒന്ന് കുത്തിയശേഷം വലിച്ചൂരി വീണ്ടും കുത്തേണ്ടി വന്നാല്‍ തണ്ടിന്റെ അഗ്രം ഒരിഞ്ച് മുറിച്ചുകളയണം. ശുദ്ധ ജലത്തില്‍ സില്‍വര്‍ നൈട്രേറ്റോ ആലം പൗഡറോ നേരിയ അളവില്‍ ചേര്‍ത്തശേഷം വച്ചാല്‍ ദിവസങ്ങളോളം പൂക്കള്‍ ഫ്രഷ് ആയി നിലനില്‍ക്കും. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും വെളളം മാറ്റുകയും വേണം.ഫാനിന്റെ കീഴില്‍ ഫ്‌ളവര്‍ വെയ്‌സുകള്‍ വയ്ച്ചാല്‍ കാറ്റില്‍ പൂവിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ട് അതു വേഗത്തില്‍ വാടി വീഴും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha