ജെഇഇ ഫലം; ഷാഫിലിന് ഒബിസി വിഭാഗത്തില്‍ ഒന്നാം റാങ്ക്

ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ തിളക്കമാര്‍ന്ന ജയത്തോടെ ചരിത്രം കുറിക്കുകയാണ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി എന്‍ ഷാഫില്‍ മഹീന്‍. പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയാണ് ഈ മിടുക്കൻ താരമാകുന്നത്. ഒബിസി വിഭാഗത്തില്‍ ഒന്നാം റാങ്കാണ്. കോഴിക്കോട് റെയ്സ് പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഷാഫില്‍ മഹീന്‍. ഷാഫില്‍ മായിന്‍ മറികടന്നത് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജുനാരായണസ്വാമിയുടെ പത്താംറാങ്കെന്ന നേട്ടമാണ്. തിരൂര്‍ പോളിടെക്‌നിക് കോളേജിലെ അധ്യാപകന്‍ കെ.എ. നിയാസിന്റെയും ഡോ. ഷംജിതയുടെയും മകനാണ് ഷാഫില്‍.
കോഴിക്കോട് റെയ്‌സ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. 360-ല്‍ 345 മാര്‍ക്കാണ് എഴുതിയെടുത്തത്.ചിട്ടയായ പഠനമാണ് എട്ടാംറാങ്കിന് അര്‍ഹനാക്കിയത്. റാങ്ക് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, പത്തിന്റെ ഉള്ളില്‍വരുമെന്നു കരുതിയില്ലെന്നും ഷാഫില്‍ പറഞ്ഞു.
ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ ഈ പരീക്ഷ എഴുതിയത്. അവരിലും ഷാഫിലിനാണ് ഒന്നാം റാങ്ക്. എന്‍ജിനീയര്‍ ആവുന്നതിനേക്കാള്‍ ഗണിതശാസ്ത്രജ്ഞനാവാനാണ് മോഹം. ഇഷ്ടവിഷയം കണക്ക്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവില്‍ പഠിക്കാനാണ് താത്പര്യം. മലാപ്പറമ്പ് വേദവ്യാസ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തിരൂര്‍ എം.ഇ.എസ്. സ്‌കൂളിലുമായിരുന്നു പഠനം. എസ്.എസ്.എല്‍.സി. പരീക്ഷയിലും മുഴുവന്‍ എ പ്ലസായിരുന്നു.
രാജസ്ഥാനിലെ ഉദയ്പുര്‍ സ്വദേശിയായ കല്‍പിത്വീര്‍വല്‍ 360ല്‍ 360 മാര്‍ക്ക് നേടി ഒന്നാമതെത്തി. മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടുന്ന ആദ്യവിദ്യാര്‍ഥിയാണ് കല്‍പിത്. റോള്‍നമ്പര്‍, ജനനതീയതി, സുരക്ഷാ പിന്‍നമ്പര്‍ എന്നിവ നല്‍കി http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം.
നിശ്ചിത സ്കോര്‍ നേടുന്നവര്‍ക്ക് ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് വെബ്സൈറ്റ് www.jeeadv.ac.in
https://www.facebook.com/Malayalivartha