ഇടുക്കി ഡാം - മലയിടുക്കിൽ പ്രകൃതി ഒരുക്കിയ മഹാത്ഭുതം

'മലയിടുക്കിൽ പ്രകൃതി ഒരുക്കിയ മഹാത്ഭുതം' എന്ന് ഇടുക്കി ഡാമിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
സമുദ്ര നിരപ്പില്‍ നിന്ന് 925 മീറ്റര്‍ ഉയരത്തില്‍ നിൽക്കുന്ന കുറത്തി മലയ്ക്കും 839 മീറ്റര്‍ ഉയരത്തില്‍ നിൽക്കുന്ന കുറവന്‍ മലയ്ക്കും ഇടക്ക് കമാനാകൃതിയിലാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത് . 'ഇടുക്ക്' എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേരുണ്ടായതത്രെ. സമുദ്രനിരപ്പില്‍ നിന്ന് 2408 അടിയാണ് അണക്കെട്ടിന്റെ ഉയരം ...ഭൂ നിരപ്പിൽ നിന്ന് കണക്കാക്കിയാൽ ഏകദേശം ഒരു 51 നില കെട്ടിടത്തിന്റെ ഉയരം!
ഇടുക്കി ചെറുതോണി അണക്കെട്ടിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ലിഫ്റ്റ് സൗകര്യമാണ്.അണക്കെട്ടില്‍ തന്നെയാണ് ലിഫ്റ്റുള്ളത്. കോണോടുകോണ്‍ നീളമുള്ള വിശാലമായ മൂന്നു ഇടനാഴികള്‍ ഇടുക്കി അണക്കെട്ടിനുള്ളില്‍ മൂന്നു നിലകളായി സ്ഥിതിചെയ്യുന്നു. കുറത്തിമല തുരന്നാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളം നിറഞ്ഞ് സമ്മര്‍ദ്ദം ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടുക്കി അണക്കെട്ടിന് 40 മില്ലി മീറ്റര്‍ വരെ പുറത്തേക്ക് തള്ളാന്‍ ശേഷിയുണ്ട് എന്നത് വലിയ പ്രത്യേകതയാണ്.
ഇടുക്കി അണക്കെട്ടിന്റെ ചരിത്രം
1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ . ജെ . ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോഒമേദയോ, ക്‌ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനനുകൂലമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇതിന് തയാറായില്ല. 1947 ല്‍ തിരുവിതാംകൂറിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോര്‍ട്ടില്‍ പെരിയാറിനെയും ചെറുതോണിപുഴയേയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാര്‍ശ ചെയ്തു.1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു.
തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. 1966 78 ലക്ഷം കനേഡിയന്‍ ഡോളറിന്റെ സഹായധനവും 115 ലക്ഷം കനേഡിയന്‍ ഡോളറിന്റെ ദീര്‍ഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചു കൊണ്ടായിരുന്നു. പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. 1976 ഫെബ്രുവരി 12ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ
ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.
അണക്കെട്ടിന്റെ ചലനമറിയാന്‍ പെന്‍ഡുലം, വിളളലുകളറിയാന്‍ ക്രാക്ക് മീറ്റര്‍, ഊഷ്മാവറിയാന്‍ വാട്ടര്‍ തെര്‍മോമീറ്റര്‍, ഭൂചലനമറിയാന്‍ ആക്‌സലറോ ഗ്രാഫ് തുടങ്ങിയ ഉപകരണങ്ങള്‍ ഇടുക്കി അണക്കെട്ടിനുളളിലുണ്ട്
2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കനത്ത മഴയിൽ ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ് 2401.34 അടിയായി ഉയർന്നിരിക്കുന്നു.കഴിഞ്ഞ വർഷം ഇതേ ദിവസം 2328.08 അടിയായിരുന്നു വെള്ളം. പ്രദേശത്ത് 129.80 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്,ഇപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു.
ഇന്ന് രാവിലെ ഏഴുമണിയായപ്പോഴേക്കും 2401.60 അടിയായി വെള്ളം ഉയർന്നു. ചെറുതോണി അണക്കെട്ടിലെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നു. ...സെക്കൻഡിൽ 7,00,000 ലക്ഷം ലീറ്റർ (700 ക്യുമെക്സ്) വെള്ളമാണ് ഇപ്പോൾ പുറത്തേക്കുപോകുന്നത് ...
ഇതുവരെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നിട്ടുള്ളത് 1981-ല്‍ രണ്ടുവട്ടം. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയും നവംബര്‍ ഒമ്പത് മുതല്‍ 11 വരെയും. 1992-ലും രണ്ട് വട്ടം. ഒക്ടോബര്‍ 13 മുതല്‍ 16 വരെയും നവംബര്‍ 16 മുതല്‍ 23 വരെയും ആണ് .ഇത്തവണ ആദ്യമായി ജൂലൈയിൽ തന്നെ കനത്ത മഴയെ തുടർന്ന് ഷട്ടറുകൾ തുറക്കേണ്ടി വന്നു .
https://www.facebook.com/Malayalivartha


























