താരങ്ങളുടെ മദ്യപാനം; തുടങ്ങുന്നതിനും നിര്‍ത്തുന്നതിനും കാരണങ്ങള്‍ ഏറെ...

ബോളിവുഡ് മുതല്‍ മലയാളത്തിലെ വരെ നടിമാരും നടന്‍മാരും മദ്യപിക്കാറുണ്ട്. മദ്യപിച്ച് ജീവിതവും കരിയറും നശിപ്പിച്ചവരുണ്ട്. എന്നാല്‍ മദ്യപാനം നിയന്ത്രിച്ച് കൊണ്ട് ജീവിതം സുഗമായി നയിച്ചവരും നയിക്കുന്നവരുമുണ്ട്. അവരുടെ വിശേഷങ്ങള്‍ പറയാം.
ടെന്‍ഷന്‍ മാറ്റാന്‍ അടിതുടങ്ങിയ നടി
നടി മനീഷ കൊയ്‌രാള ടെന്‍ഷന്‍ മാറ്റാനാണ് മദ്യപാനം തുടങ്ങിയത്. വൈകാതെ മദ്യമില്ലാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയായി. ഇത് തന്നോട് തന്നെ ചെയ്യുന്ന അപരാധമാണെന്ന് അറിയാമായിരുന്നിട്ടും നിര്‍ത്താനായില്ലെന്ന് താരം പറയുന്നു. അവസാനം തൊഴിലിനെ ബാധിച്ചു. മദ്യപാനിക്ക് നായിക വേഷം തരാന്‍ ആരെങ്കിലും തയ്യാറാവുമോ. അങ്ങനെ കുടുംബ ജീവിതത്തിന്റെ താളവും തെറ്റി. അര്‍ബുദം പിടിപെട്ടു. ഭാഗ്യം കൊണ്ടാണ് തിരിച്ച് വന്നത്. ഇപ്പോള്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു. പുതുതലമുറ താരങ്ങളോട് മദ്യപിക്കരുതെന്ന് ഉപദേശവും നല്‍കുന്നുണ്ട്.
സഞ്ജയ് ദത്ത് എല്ലാം ബാല്യത്തിലേ തുടങ്ങി
മദ്യവും മയക്കുമരുന്നും നന്നേ ചെറുപ്പത്തിലേ തുടങ്ങിയ ആളാണ് സഞ്ജയ് ദത്ത്. മാതാപിതാക്കളുടെ പ്രശസ്തി, പണം തുടങ്ങിയവയാണ് തന്നെ വഴിതെറ്റിച്ചതെന്ന് ദത്ത് പറയുന്നു. ലഹരിമരുന്ന് ഉപയോഗിക്കാന്‍ പ്രേരണ നല്‍കിയത് ചില സുഹൃത്തുക്കളായിരുന്നു. 22ാം വയസിലാണ് ആദ്യ സിനിമ ഇറങ്ങിയത്. റോക്കി, വലിയ വിജയമായിരുന്നു. പക്ഷെ, ലഹരി തന്റെ സര്‍ഗശേഷി നശിപ്പിക്കുകയാണെന്ന് അന്നൊന്നും തിരിച്ചറിഞ്ഞില്ല. തന്നെ ഇഷ്ടപ്പെടുന്നവരെ ബഹുമാനിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. വിജയം ആഘോഷിക്കാന്‍ ലഹരി അന്വേഷിച്ചു. തോല്‍വിയില്‍ സാന്ത്വനം ലഭിക്കാന്‍ മദ്യപിച്ചു. കുടുംബത്തില്‍ സമാധാനം ഇല്ലാതായി. ലഹരിമുക്ത ചികില്‍സയ്ക്കായി ദത്തിനെ വിദേശത്ത് അയച്ചു. ജീവിതം തകര്‍ത്തത് മദ്യമാണെന്ന് താരം പറയുന്നു. ഇപ്പോള്‍ എല്ലാം ഉപേക്ഷിച്ചു.
കുടുംബം എന്നെ ഓര്‍ത്ത് കരഞ്ഞെന്ന് സല്‍മാന്‍
തന്റെ മദ്യപാനം മൂലം കുടുംബം രാപ്പകലില്ലാതെ കരഞ്ഞിട്ടുണ്ടെന്ന് സല്‍മാന്‍ ഖാന്‍. ജീവതത്തില്‍ ഒരുപാട് നന്‍മകള്‍ നഷ്ടമായി. ഒരുപാട് പേരുടെ വെറുപ്പിന് പാത്രമായി. ജീവിതത്തിലെ പലതും മദ്യം തകര്‍ത്തെറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മദ്യപാനം നിയന്ത്രിച്ചു. എണ്‍പത് ശതമാനവും വിജയിച്ചു. പഴയ സല്‍മാനാകാനുള്ള കാലം വിദൂരമല്ലെന്ന് താരം പറയുന്നു. മദ്യലഹരിയില്‍ അപകടങ്ങളും വഴക്കുകളും വിവാദങ്ങളും ഉണ്ടാക്കിയ താരമാണ് സല്‍മാന്‍ ഖാന്‍. പല സെറ്റുകളിലും പ്രശ്‌നങ്ങളുണ്ടാക്കി. ഇതിന്റെയൊക്കെ പേരില്‍ വീട്ടുകാര്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ശരിക്കും താന്‍ അവരെ നാണം കെടുത്തുകയായിരുന്നു. തനിക്ക് വേണ്ടി അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്നെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha