യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല; ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നം, മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കെത്തി: സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം

മലയാള സിനിമയിലെ യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് പറഞ്ഞത് സാംസ്കാരിക മന്ത്രി എ കെ ബാലനാണ്. എന്നാൽ കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത സാംസ്കാരിക മന്ത്രി എ. കെ. ബാലന്റെ നീക്കത്തെ സി പി എം സംസ്ഥാന നേതൃത്വം തടഞ്ഞന്നാണ് വിവരം .
ഒരു സി പി എം ഉന്നതന്റെ മകനും ഒരു മുതിർന്ന മന്ത്രിയുടെ മകനുമാണ് എ. കെ. ബാലന്റെ നീക്കത്തിനെതിരെ ഇടപെട്ടത്. സർക്കാർ നീക്കം സിനിമാ വ്യവസായത്തെ തകർക്കുമെന്ന് ഇവർ പറയുന്നു. സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നാണ് സിപിഎം തീരുമാനം. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നാണ് സർക്കാരിന്റെ വിശ്വാസം. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ പ്രയാസമാണ്.
അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്‍റെയും ഭാഗം കേട്ട ശേഷം പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടും. ഏതായാലും ഷെയ്ന്റെ ഭാഗത്ത് നിന്ന് ഒരിക്കലും സർക്കാരിന് പരാതി ലഭിക്കില്ല.
വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നുംപറഞ്ഞിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു. . ഒരു തര്‍ക്കം വന്നപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഇത് പറഞ്ഞത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സർക്കാർ കരുതുന്നത്. ഇതിനെ സർക്കാർ ചോദ്യം ചെയ്തു.
ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്ന പ്രശ്നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ കര്‍ശനമായി അതിനെ നേരിടാനാണ് ആദ്യം സർക്കാർ നീങ്ങിയത്. എന്നാൽ സാംസ്കാരിക വകുപ്പ് മന്ത്രി ബാലന് ഒരിക്കലും ലൊക്കേഷനിൽ മയക്കു മരുന്ന് പരിശോധന നടത്താൻ കഴിയില്ല. പരിശോധന നടത്തേണ്ടത് എക്സൈസ്, ആഭ്യന്തര വകുപ്പുകളാണ്. പരാതി കിട്ടിയാൽ മാത്രം ഇത്തരം കാര്യങ്ങളിൽ ഇടപെട്ടാൽ മതിയെന്നാണ് രണ്ടു വകുപ്പുകളുടെയും നിലപാട്. അങ്ങോട്ട് ചെന്ന് പരാതി എഴുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല. അത് ശബരിമലയിലെ യുവതി പ്രവേശം പോലെയാകും.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നിർമ്മാതാക്കൾ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എ. കെ. ബാലൻ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെളിയിക്കാൻ പ്രയാസമായ കാര്യമാണ്. മദ്യം മദ്യപരിശോധനയിലൂടെ കണ്ടെത്താം. അറിയപ്പെടുന്ന താരങ്ങളെ ലൊക്കേഷനിൽ നിന്നും വിളിച്ചിറക്കി ആശുപത്രിയിൽ കൊണ്ടു പോയി രക്ത പരിശോധന നടത്താൻ സർക്കാരിന് കഴിയില്ല. അങ്ങനെ വന്നാൽ അത് പൊതു സമൂഹത്തിന്റെ അവഹേളനത്തിന് കാരണമാകും. ഇലക്ഷന് ഒരു വർഷം ശേഷിക്കെ ആരെയും പിണക്കാൻ സർക്കാർ തയ്യാറല്ല.
കേരളത്തിലില്ലാത്ത മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്താതെ എ.കെ ബാലൻ പ്രതികരിച്ചതിലും സി പി എമ്മിലും സർക്കാരിലും അമർഷമുണ്ട്.
https://www.facebook.com/Malayalivartha