ശ്രീലതാ നമ്പൂതിരി; എഴുപതാം പിറന്നാള്‍ നിറവില്‍

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അടൂര്‍ഭാസിയുടെ നായികയായിട്ടുള്ള ശ്രീലതാ നമ്പൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. നൂറിലേറെ സിനിമകളില്‍ ഭാസിയുടെ നായിക ആയിട്ടുണ്ട്.
ഹരിപ്പാട് സഹോദരന്മാരില്‍ നിന്ന് സംഗീതബാലപാഠങ്ങള്‍ പഠിച്ച ശ്രീലതയ്ക്ക് സംഗീതജ്ഞയാകണമെന്നായിരുന്നു ആഗ്രഹം. നാട്ടുകാരന്‍ കൂടിയായ ശ്രീകുമാരന്‍ തമ്പി അവരെ ആദ്യമായി പൊതുവേദിയില്‍ പാടിച്ചു. അത് കെ.പി.എ.സിയിലേക്കുള്ള വഴി തുറന്നു. അച്ഛന്റെ സഹോദരിയും നടിയുമായ കുമാരി തങ്കമാണ് സിനിമയിലേക്ക് നയിച്ചത്. പതിനെട്ടാം വയസ്സില്‍ അടൂര്‍ഭാസിയുടെ നായികയായി വിരുതന്‍ ശങ്കു എന്ന ചിത്രത്തില്‍ അവസരം ഒരുങ്ങി. എന്നാല്‍ സദാമുറുക്കിത്തുപ്പുന്ന നാല്‍പ്പതുകാരന്‍ നായകനെ ശ്രീലതക്ക് ബോധിച്ചില്ല . അതുകൊണ്ട് പിന്മാറി. പക്ഷെ സിനിമ അവരെ വിടാന്‍ ഒരുക്കമായിരുന്നില്ല. ഭാര്യമാര്‍ സൂക്ഷിക്കുക, അശോക ചക്രം തുടങ്ങിയ സിനിമകളിലെ അവസരം കിട്ടി. പിന്നെ ഒന്നൊന്നായി സിനിമകള്‍. പഠിച്ച കള്ളന്‍ എന്ന സിനിമയില്‍ അടൂര്‍ഭാസിയുടെ നായികയായി. ഹാസ്യവേഷങ്ങള്‍ തന്മയത്തോടെ അവതരിപ്പിച്ച ശ്രീലത നൂറിലേറെ സിനിമകളിലാണ് ഭാസിയുടെ നായികയായത്. ഒരുവര്‍ഷം മുപ്പതിലേറെ പടങ്ങളില്‍ വരെ അഭിനയിച്ചു.
അപ്പോഴും പാട്ട് വിട്ടിരുന്നില്ല. ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യയായി നാലുവര്‍ഷം സംഗീതം പഠിച്ച ശ്രീലത 1975 -ല്‍ അരങ്ങേറ്റവും നടത്തി.1980-ല്‍ കാലടി പരമേശ്വരന്‍ നമ്പൂതിരിയെ വിവാഹ കഴിച്ചതോടെ അഭിനയരംഗം വിട്ടു. ആയുര്‍വേദ ഡോക്ടറായ ഭര്‍ത്താവിന് പിന്തുണയുമായി ഇരുപത്തിമൂന്ന് വര്‍ഷമാണ് കലാരംഗത്ത് നിന്ന് അവര്‍ മാറിനിന്നത്.
ഭര്‍ത്താവിന്റെ വിയോഗദു:ഖത്തില്‍ നിന്നും കരകയറാന്‍ 2005- ല്‍ സംഗീതം തന്നെ തുണയായി. നെയ്യാറ്റിന്‍കര വാസുദേവന്റെ ശിഷ്യയായി വീണ്ടും പാട്ടുപഠനം. അത് വീണ്ടും സംഗീതക്കച്ചേരികളിലേക്ക് വഴിതുറന്നു. കെ. മധുവിന്റെ പതാക എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെ നടത്തം. സിനിമയോടൊപ്പം ടെലിവിഷന്‍ പരമ്പരകളിലും ശ്രീലതയ്ക്ക് തിരക്കേറി. കല കരുത്താക്കി മുന്നോട്ടുപോകുകയാണ് ഈ എഴുപതുകാരി
https://www.facebook.com/Malayalivartha