കഥ കേള്‍ക്കാനുള്ള മനസ്സുപോലും കാണിച്ചില്ല: വിവാദ പോസ്റ്റില്‍ വിശദീകരണവുമായി പ്രതാപ് പോത്തന്‍

വിവാദമായ പ്രതാപ് പോത്തന്റെ പോസ്റ്റില്‍ ഉദ്ദേശിച്ചത് ജയറാമിനെത്തന്നെയെന്ന സ്ഥിതീകരണവുമായി പ്രതാപ് പോത്തന്‍. ആളെ പറയാതെ മിമിക്രി രംഗത്ത് നിന്നും സിനിമയില്‍ എത്തിയ സുന്ദരനായ പത്മശ്രീ മന്ദബുദ്ധി എന്ന് വിശേഷിപ്പിച്ചായിരുന്നു കഴിഞ്ഞദിവസം ജയറാമിനെതിരേ പോസ്റ്റ് ഇട്ടത്. എല്ലാവര്‍ക്കും അറിയാന്‍ വേണ്ടി ആ നടന്റെ പേര് ചേര്‍ക്കുകയാണെന്നും അത് ജയറാം ആണെന്നും താരം പുതിയ പോസ്റ്റില്‍ കൃത്യതയും നല്‍കിയിട്ടുണ്ട്.
പോസ്റ്റ് പിന്നീട് എടുത്തുമാറ്റിയത് ജയറാമിന്റെ ആരാധകരെ പേടിച്ചാണെന്ന മാധ്യമപ്രചരണം തെറ്റാണെന്നും വര്‍ഗ്ഗീയവാദിയായി മുദ്രകുത്തിയത് നോവിക്കുന്നു എന്നത് കൊണ്ടാണെന്നും അദ്ദേഹം പുതിയ പോസ്റ്റില്‍ പറഞ്ഞു.
ജയറാം വിഷയത്തില്‍ ഇത് തന്റെ അവസാനപോസ്റ്റാണെന്ന് തുടങ്ങിയിരിക്കുന്ന പോസ്റ്റില്‍ ജയറാമിനെ കടന്നാക്രമിക്കാന്‍ ഉണ്ടായ സാഹചര്യം പ്രതാപ്‌പോത്തന്‍ വിശദീകരിച്ചിട്ടുണ്ട്. ജയറാമിന്റെ മകന്‍ അഭിനയിക്കുമെന്ന് തനിക്കറിയില്ലായിരുന്നു. പുതിയതായി താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടു ചിത്രങ്ങളിലേക്ക് നിര്‍മ്മാതാവ് ജയറാമിന്റെ മകന്‍ കാളിദാസനെ നിര്‍ദേശിച്ചു. ഇയാളുടെ ചില മിമിക്രി നമ്പറുകളും കാണിച്ചു. തന്റെ സഹോദരന്‍ ജയറാമിനെ അവതരിപ്പിച്ചത് പോലെ അനുയോജ്യമായ വേഷമാണെങ്കില്‍ മകനെയും സിനിമയില്‍ അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് കരുതി.
ഇതിനായി ജയറാമിനെ വിളിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ കാര്യത്തില്‍ ഒ കെ ആണെങ്കിലും മകനോട് ചോദിക്കണമെന്നും പറഞ്ഞു. എല്ലാം നടന്നത് കഥ കേള്‍ക്കുക പോലും ചെയ്യാതെയായിരുന്നു. രണ്ടു ദിവസം കാത്തിരുന്നു. മൂന്നാം ദിവസം താന്‍ വീണ്ടും വിളിച്ചപ്പോള്‍ അടുത്ത ഒക്‌ടോബര്‍ വരെ മകന്‍ തിരക്കിലാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. കഥ കേള്‍ക്കേണ്ടേ എന്ന് ചോദിച്ചപ്പോള്‍ പഴയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞതായും പറഞ്ഞു. താന്‍ ആകെ സ്തബ്ദ്ധനായി പോയി. വേണ്ടെന്നുണ്ടെങ്കില്‍ അത് മാന്യമായ രീതിയില്‍ ആയിരുന്നില്ലേ പറയേണ്ടിയിരുന്നത്. ഇത് വൃത്തികെട്ട സമീപനമാണ്. അയാള്‍ തെരഞ്ഞെടുത്തത് വൃത്തികെട്ട രീതിയായിരുന്നു.
1968 മുതല്‍ എന്റെ കുടുംബം സിനിമയിലുണ്ട്. തന്നെ പേടിപ്പിക്കാന്‍ ആകുന്ന വിധത്തിലുള്ള മാഫിയാ തലവനൊന്നുമല്ല അയാള്‍. അതുകൊണ്ട് തന്നെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറഞ്ഞെന്നേയുള്ളെന്നും പ്രതാപ് പോത്തന്‍ പോസ്റ്റില്‍ പറഞ്ഞു. ജയറാമിനെ സിനിമയില്‍ എത്തിയത് തന്റെ സഹോദരന്‍ നിര്‍മ്മിച്ച ചിത്രത്തിലൂടെയായിരുന്നെന്നും എന്നിട്ട് സഹോദരന്‍ മരിച്ചിട്ട് ഒന്നു വരാനുള്ള മര്യാദ ജയറാം കാണിച്ചില്ലെന്നും പോത്തന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha