കാവ്യ ആരാണെന്നും, എന്താണെന്നും തനിക്ക് അറിയാം: മേക്കപ്പിന്റെ കാര്യത്തിൽ കൃത്യത നിർബന്ധമാണ്: ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓർഗനൈസ്ഡ് ആണ് കാവ്യ- മനസ് തുറന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്

കാവ്യ ആരാണെന്നും എന്താണെന്നും തനിക്ക് അറിയാമെന്നും, തനിക്ക് നൽകിയിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ലെന്ന് സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ഫ്രണ്ട്ഷിപ്പ് ഡേയിലാണ് കാവ്യയെ കുറിച്ച് മനസ്സ് തുറന്നത്. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ...
കാവ്യയോട് ആരാധന തോന്നുന്ന ഒരു കാര്യമാണ് അച്ചടക്കവും കൃത്യതയും. എട്ട് വർഷം മുമ്പാണ് കാവ്യയെ താൻ പരിചയപ്പെടുന്നത്. അപ്പോൾ മേക്കപ് ആർട്ടിസ്റ്റായി ഉയർന്ന് വരുന്നതേ ഉള്ളു. പെർഫക്‌ഷന് വലിയ പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു മാസികയുടെ കവർ ഫോട്ടോഷൂട്ട് ആയിരുന്നു അന്ന്. മേക്കപ്പിൽ മാത്രമല്ല ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓർഗനൈസ്ഡ് ആണ്. ഒരു സൂചി ആണെങ്കിൽ പോലും എടുത്ത സ്ഥലത്ത് വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിർബന്ധമാണ് കാവ്യയ്ക്ക്.
കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല. മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധമാണ്. അതുകൊണ്ട് ഐ മേക്കപ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ അന്ന് എന്നോടു ചെയ്തോളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കണ്ണെഴുതി. അതു കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിനു വിളിച്ചു തുടങ്ങി. ഞാൻ ചെയ്ത ചില ലുക്ക്സ് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവും ശ്രദ്ധ നേടി. ഇക്കാലയളവിൽ കാവ്യയും കുടുംബവുമായി ഞാൻ വളരെയധികം അടുത്തു. ഞങ്ങള്‍ ആത്മസുഹൃത്തുക്കളായി മാറി- ഉണ്ണി പറയുന്നു.
കാവ്യയുടെ വിവാഹത്തിന് താനാണ് മേക്കപ്പ് ചെയ്തത്. പക്ഷേ മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിലായിരുന്നില്ല അത്. ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു.
കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ ഉറച്ച പിന്തുണയുമായി ഒപ്പം നിൽക്കണമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം. അവൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല. ഞാൻ എന്നും ഒരു സുഹൃത്തായി അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha