ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരപരുക്ക്

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരപരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുൽ റഹ്മാനാണ് (31) പരിക്കേറ്റത്.
മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എഗ്‌മോർ എക്സ്‌പ്രസിൽനിന്നാണ് ഇയാൾ ചാടിയത്. റെയിൽവേ പോലീസാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന മൂന്നുസ്ത്രീകൾ സ്ലീപ്പർ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുന്നതിനിടെയാണ് യുവാവ് ഇതിൽ ഒരാളുടെ മാലപൊട്ടിച്ചത്. സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഓടി. തുടർന്ന്, തീവണ്ടിയിൽ നിന്ന് ചാടി. മാലയിൽ പകുതി മാത്രമേ പ്രതിക്ക് കിട്ടിയിരുന്നുള്ളൂ. കഞ്ചിക്കോടിനും വാളയാറിനുമിടയിൽ തീവണ്ടിയെത്തിയപ്പോഴായിരുന്നു സംഭവം.
ഇതിനിടെ, യാത്രക്കാരിലൊരാൾ തീവണ്ടിയിലെ ചങ്ങല വലിച്ചു. തുടർന്ന്, റെയിൽവേ പോലീസ് എത്തിയപ്പോഴാണ് മാല പിടിച്ചു പറിച്ച സംഭവമറിഞ്ഞത്. ഉടനെ അവർ പ്രതിയെ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. നാലുമണി കഴിഞ്ഞാണ് ഇയാളെ ചുള്ളിമടയ്ക്കുസമീപം കാടിനോട് ചേർന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കുണ്ടെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha